
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തുന്ന വീൽചെയറിലെ യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ ഇനി ആശങ്ക വേണ്ട. എളുപ്പത്തിൽ വീൽചെയർ കയറാൻ കൊണ്ടുനടക്കാവുന്ന റാമ്പ് സൗകര്യം സജ്ജമായി. പരീക്ഷണാടിസ്ഥാനത്തിൽ തിങ്കൾ മുതലാണ് ഈ സേവനം ആരംഭിച്ചത്.
ഭാരം കുറഞ്ഞ രീതിയിൽ നിർമിച്ച റാമ്പുകൊണ്ട് വീൽചെയറിലുള്ളവർക്ക് ട്രെയിനിലേക്ക് പ്ലാറ്റ്‌ഫോമിൽനിന്ന് ഇറങ്ങാനും കയറാനും പറ്റും. മംഗളൂരു സെൻട്രലിലെയും ഷൊർണൂർ ജങ്‌ഷനിലെയും മെയിന്റനൻസ് ഡിപ്പോട്ടിന്റെ സംയുക്ത ഉദ്യമമാണിത്. മടക്കാനും എളുപ്പത്തിൽ കൊണ്ടുനടക്കാനുമുള്ള സൗകര്യത്തിലാണ് ഇത് തയ്യാറാക്കിയത്. 15 കിലോഗ്രാം ഭാരത്തിൽ അലൂമിനിയം ഷീറ്റുകൊണ്ടാണ് നിർമിച്ചത്. നേരത്തെ കൂടെയുള്ളവർ വീൽചെയർ പൊക്കിയാണ് ട്രെയിനിലേക്ക് കയറ്റിവച്ചിരുന്നത്.
മംഗളൂരു സെൻട്രൽ കോച്ച് മെയിന്റനൻസ് ഡിപ്പോട്ട് അസി. ഹെൽപ്പർ കെ നിഥിൻ, ഷൊർണൂർ ജങ്‌ഷനിലെ കെ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതൊരുക്കിയത്. ആവശ്യക്കാർക്ക് റെയിൽവേ സ്‌റ്റേഷനിൽ ഈ സൗകര്യം ഉപയോഗിക്കാം.
Source: Deshabhimani