
സുരക്ഷാ മാനദണ്ഡം പാലിക്കാതെയും ലൈസൻസ് സർട്ടിഫിക്കറ്റുകൾ ഇല്ലാതെയുമാണു ബേപ്പൂർ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്നതെന്നു ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ, ബ്രിഡ്ജിന്റെ പ്രവർത്തനം ഉടൻ നിർത്തിവയ്ക്കണമെന്നു തുറമുഖ വകുപ്പ്. ഇതിനായി ഡിടിപിസി സെക്രട്ടറിക്കു നോട്ടിസ് നൽകിയതായി പോർട്ട് ഓഫിസർ പറഞ്ഞു.
ഫ്ലോട്ടിങ് ബ്രിജ് പ്രവർത്തിക്കുന്നതു തുറമുഖ വകുപ്പിനു കീഴിലുള്ള സ്ഥലത്താണ്. അവിടം ഉപയോഗിക്കാൻ ഡിടിപിസിക്ക് അനുമതി ഉണ്ടെങ്കിലും നടത്തുന്ന ഫ്ലോട്ടിങ് ബ്രിജിന്റെ സർട്ടിഫിക്കറ്റുകൾ ഒന്നും ഹാജരാക്കിയിട്ടില്ല. ഇത്തരം സംവിധാനത്തിനു ലൈസൻസ് നൽകുന്നതു സംബന്ധിച്ചു കൃത്യമായ മാർഗനിർദേശവും ഇല്ല.
പോർട്ട് ഓഫിസ് ആണ് സാധാരണ കടലിൽ സർവീസ് നടത്തുന്ന ബോട്ടുകൾക്കും ചെറു കപ്പലുകൾക്കും മറ്റും ലൈസൻസ് നൽകുന്നത്. എന്നാൽ ഒരു ഭാഗം കരയിൽ ഉറപ്പിച്ച ഫ്ലോട്ടിങ് ബ്രിജിന്റെ കാര്യത്തിൽ ലൈസൻസ് നൽകേണ്ട അതോറിറ്റി സംബന്ധിച്ചു വ്യക്തതയില്ല.സ്വകാര്യ കമ്പനിയാണു ഡിടിപിസിയുടെ സഹകരണത്തോടെ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പോളിയെത്തീൻ ബ്ലോക്കുകൾകൊണ്ട്
നിർമിച്ചിരിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തുന്നത്. തിരമാലകൾക്കൊപ്പം ബ്രിഡ്ജ് ഉയരുകയും താഴുകയും ചെയ്യും, ആയതുകൊണ്ട് വലിയ തിരമാല അടിക്കുമ്പോൾ ആളുകൾ കടലിലേക്കു തെറിച്ചു വീഴാൻ സാധ്യതയുണ്ട്.