
ഉണ്ണികുളം പഞ്ചായത്തിലെ വീടുകളിൽ അടുത്തമാസം സിറ്റിഗ്യാസ് പദ്ധതിയിൽ പ്രകൃതിവാതക (പൈപ്പ്ഡ് നാച്വറൽ ഗ്യാസ്) മെത്തും. ഉണ്ണികുളത്ത് 14 കിലോമീറ്ററിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ട്, ഇതിലൂടെ 400 വീടുകളിലേക്ക് കണക്‌ഷൻ നൽകാൻ സാധിക്കും. കമ്മിഷൻ ചെയ്യുന്നതിനു മുൻപുള്ള ജോലികൾ നടക്കുകയാണിപ്പോൾ. ഓണത്തിനു മുമ്പ് 25 വീടുകളിലെങ്കിലും പ്രകൃതിവാതകമെത്തിക്കാനാണ് ശ്രമമെന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ പറഞ്ഞു.
ബാലുശ്ശേരിമുക്കുവരെയുള്ള ഭാഗങ്ങളിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ആറുമാസത്തിനകം പനങ്ങാട് ഉൾപ്പെടെയുള്ള സമീപപഞ്ചായത്തുകളിലും പ്രകൃതിവാതകമെത്തും. ഉണ്ണികുളംമുതൽ കുന്ദമംഗലംവരെ 23.4 കിലോമീറ്ററിൽ പൈപ്പ്‌ലൈൻ കമ്മിഷൻചെയ്ത് പ്രകൃതിവാതകമെത്തിയിട്ടുണ്ട്. വൈകാതെ, ഈ ഭാഗത്തും വിതരണം തുടങ്ങാനാവും. കോഴിക്കോട് നഗരത്തിൽ 14.6 കിലോമീറ്ററിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട് - കണ്ണൂർ റോഡ്, നല്ലളം, ബേപ്പൂർ എന്നിവിടങ്ങളിലാണ് പൈപ്പിട്ടത്.