
ഒറ്റപ്പെടലിനെ അകറ്റാൻ പകലുകളിൽ ഒന്നിക്കുന്നവർ ഭക്ഷണം വിളമ്പി പകൽവീടിനെ ആഘോഷമാക്കുകയാണ്. എടക്കാട് കുണ്ടൂപ്പറമ്പിൽ കോർപറേഷൻ ഒരുക്കിയ പകൽവീട്ടിലാണ് വയോജനങ്ങൾക്ക് വിശ്രമത്തിനൊപ്പം പോഷകസമ്പുഷ്‌ടമായ ഭക്ഷണവും വിളമ്പുന്നത്.
ഭക്ഷണവിതരണത്തിന്റെ ആദ്യദിനമായിരുന്നു വ്യാഴാഴ്‌ച. മേയർ ബീന ഫിലിപ്പും ജനപ്രതിനിധികളും നാട്ടുകാരും ചേർന്നായിരുന്നു തുടക്കമിട്ടത്. ഞായറൊഴികെയുള്ള ദിവസങ്ങളിലാണ് ചോറും കറിയും പലഹാരങ്ങളും ഉൾപ്പെടെയുള്ള ഭക്ഷണം നൽകുക. മൂന്ന് നേരമാണ് ഭക്ഷണവിതരണം. വയോജനങ്ങൾക്ക് ഭക്ഷണപദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യ പകൽവീടാണിത്.
50 പേരോളം ദിവസവും എത്തുന്ന ഈ പകൽവീട്ടിൽ ടെലിവിഷൻ, പത്രം, വിശ്രമമുറികൾ എന്നിവയുമുണ്ട്. ഉദ്‌ഘാടനചടങ്ങിൽ ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി ദിവാകരൻ, കൗൺസിലർമായ കെ റീജ, എം എസ് തുഷാര, സിഡിപിഒ ധന്യ, ഷിംജിത്ത് തുടങ്ങിയവരും പങ്കെടുത്തു.