
‘പാരന്റിങ്’ ക്ലിനിക്കുകൾ തയ്യാറായി കഴിഞ്ഞു, കുട്ടികൾക്ക് പ്രിയമുള്ള രക്ഷിതാക്കാളായി മാറാൻ. വനിതാ ശിശു വികസന വകുപ്പാണ് 13 ബ്ലോക്കുകളിലും പാരന്റിങ് ക്ലിനിക്കുകൾ ഒരുക്കിയത്. കുട്ടികൾക്കും ക്ലിനിക്കിൽ സേവനം ലഭിക്കും.
കുട്ടികളുടെ മാനസികാരോഗ്യത്തിന് അടിത്തറയിടുന്നത് അച്ഛനമ്മമാരാണ്. ചിരികളികളുമായി അവർക്കൊപ്പം കൂടുന്ന, നോവുകളറിഞ്ഞ് ചേർത്തുപിടിക്കുന്ന, നല്ല വഴി കാണിക്കുന്ന മാതാപിതാക്കളാണ് കുട്ടികളുടെ ശക്തി. തിരക്കുപിടിച്ച ജീവിതവും പഠന ഭാരവും സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവുമെല്ലാം ബന്ധങ്ങളെ സങ്കീർണമാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ശാസ്‌ത്രീയ രക്ഷാകർതൃത്വ അവബോധം നൽകാൻ സൗജന്യ ക്ലിനിക്കുകൾ തുടങ്ങിയത്.
അമിത ഫോൺ ഉപയോഗം, പഠന പ്രശ്‌നങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ, വൈകാരിക പ്രശ്‌നങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ രക്ഷിതാക്കൾക്ക് ക്ലിനിക് അവബോധം നൽകും. രക്ഷിതാക്കളുടെ സമ്മർദമുൾപ്പെടെയുള്ളവ ലഘൂകരിക്കാൻ കൗൺസലിങ്ങുമുണ്ട്. സ്‌കൂളിലും വീടുകളിൽനിന്നും നേരിടുന്ന മാനസിക–-ശാരീരിക പ്രശ്‌നങ്ങൾ, സമ്മർദം, നിരാശ, ജീവിത ശൈലീമാറ്റം തുടങ്ങിയവയിൽ കുട്ടികൾക്കും കൗൺസലിങ് ലഭിക്കും.
ശനിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് സേവനം. രണ്ടാം ശനിക്കുപകരം വെള്ളിയാണ് ക്ലിനിക്. പഞ്ചായത്തുകളുടെ സഹകരണത്തോടെ ഓരോ പ്രദേശങ്ങളിൽ ക്യാമ്പുകളും വീടുകളിൽ സന്ദർശനവും നടത്തുന്നുണ്ട്. സൈക്കോ സോഷ്യൽ കൗൺസലേഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. ചില കേസുകളിൽ ഉയർന്ന കേന്ദ്രങ്ങളിലേക്കുള്ള റഫറൽ സംവിധാനമായും പ്രവർത്തിക്കുന്നു.
പാരന്റ് ക്ലിനിക്കുകളുടെ നമ്പറുകൾ:
വടകര ബ്ലോക്ക്: 9645492583
കുന്നമംഗലം: 9048575621
പേരാമ്പ്ര: 9495786696
പന്തലായനി: 8078920194
ബാലുശേരി: 8086805140
കുന്നുമ്മൽ: 9846383366
കോഴിക്കോട് റൂറൽ: 9048445530
കോഴിക്കോട് അർബൻ: 9605974568
തൂണേരി: 9961738510
മേലടി: 9048810025
ചേളന്നൂർ: 9947918964
തോടന്നൂർ: 9744087477
കൊടുവള്ളി: 8943864410