ലോകത്തെവിടെ ചികിത്സിച്ചാലും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വിലയിരുത്തിയ പാക് ബാലന് കോഴിക്കോട് പുതുജന്മം
26 Nov 2022
News
അപൂര്‍വ്വവും അതീവ ഗുരുതരവുമായ സിവിയര്‍ കംബൈന്‍ഡ് ഇമ്യൂണോ ഡിഫിഷന്‍സി എന്ന രക്തജന്യ രോഗം ബാധിച്ച കുഞ്ഞാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടത്തിയ അപൂര്‍വ്വ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവന്‍ തിരിച്ചുപിടിച്ചത്. ഇതോടെ, ലോകത്തെവിടെ കൊണ്ടു പോയി ചികിത്സിച്ചാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രണ്ട് വയസുകാരനായ പാകിസ്ഥാൻ ബാലന് പുനര്‍ജന്മം കിട്ടി.
പാകിസ്ഥാനിലെ ബലൂച്ചിസ്ഥാന്‍ സ്വദേശിയായ ജലാല്‍ - സദൂരി ദമ്പതികളുടെ മകനായ സൈഫ് ജലാല്‍ ആണ് മജ്ജ മാറ്റിവെക്കലിന് വിധേയനായത്. രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് മികച്ച ചികിത്സയ്ക്കായി പിതാവ് ജോലി ചെയ്യുന്ന യുഎഇയിലേക്ക് മാറുകയും, ചികിത്സ അവിടെ തുടരുകയും ചെയ്തു. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് വിധേയനായെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി മാറുകയായിരുന്നു.
രോഗപ്രതിരോധ ശേഷി തീര്‍ത്തും ഇല്ലാതായ കുഞ്ഞിനെ നിരന്തരമായ അണുബാധ അലട്ടുകയും ചെയ്തു. ശ്വാസകോശത്തിലുള്‍പ്പെടെ അണുബാധ രൂക്ഷമാവുകയും ഓക്‌സിജന്‍ നില തീരെ മോശമാവുകയും ചെയ്തു. കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രണ്ടോ മുന്നോ വയസ്സിനുള്ളില്‍ മരണപ്പെടുക എന്നതാണ് ഈ രോഗബാധിതരായ കുഞ്ഞുങ്ങളുടെ പൊതുവായ വിധി. ഈ രീതിയില്‍ തന്നെയായിരുന്നു ജലാലിന്റെ അവസ്ഥയും.
ഈ ഘട്ടത്തിലാണ് ആസ്റ്റര്‍ മിംസിലെ ചികിത്സയെ കുറിച്ച് കേട്ടറിഞ്ഞ് ജലാലും സദൂരിയും കേരളത്തിലേക്ക് എത്തുവാന്‍ തീരുമാനിച്ചത്. പാകിസ്ഥാന്‍ സ്വദേശികള്‍ എന്ന നിലയില്‍ അവര്‍ക്കുണ്ടായിരുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശ്രമിച്ചു.