
ഓണമെത്തി. അത്തപൂക്കളമൊരുങ്ങി. കാശിത്തുമ്പയും മുക്കുറ്റിയും കൊണ്ടു ഗൃഹാതുരതയുടെ പൂക്കളമിട്ട് മലയാളിമുറ്റങ്ങളിൽ വീണ്ടുമൊരു അത്തംനാളോട് കൂടി ഓണം വീടുകളിൽ വന്നെത്തി.
ഓണക്കാലത്ത് തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും അതിർത്തികടന്നെത്തുന്ന പൂക്കളെ കാത്തിരിക്കുന്നതാണ് നമ്മുടെ പതിവ്. ഇത്തവണ ജില്ലയിൽ ചില പഞ്ചായത്തുകളിലെങ്കിലും വീട്ടുമുറ്റത്തെ പൂക്കളം തീർക്കാൻ ഇവിടെ കൃഷി ചെയ്തുണ്ടാക്കിയ പൂക്കളുണ്ട്.
സംസ്ഥാന സർക്കാരിന്റെ ‘എല്ലാവരും കൃഷിയിലേക്ക്’ പദ്ധതിയുടെയും വിവിധ പഞ്ചായത്തുകളുടെ തരിശുരഹിതഭൂമി പദ്ധതിയുടെയും ഭാഗമായാണ് കഴിഞ്ഞ 3 മാസമായി പൂക്കൾ കൃഷി ചെയ്തുവരുന്നത്. കക്കോടി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പൂക്കൃഷിയുടെ വിളവെടുപ്പ് ഇന്നലെയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബ ഉദ്ഘാടനം ചെയ്തത്. കരിങ്ങാളി അനിത പ്രദീപിന്റെ നേേതൃത്വത്തിലാണ് കൃഷി നടത്തിയത്. ഓണക്കാലം ലക്ഷ്യമിട്ട് 15 തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആയിരം രൂപ വീതമെടുത്താണ് പഞ്ചായത്തിൽ മേയിൽ പൂക്കൃഷി തുടങ്ങിയത്. ഇത്തവണ കൃഷി വിജയമായതോടെ വരുംവർഷങ്ങളിൽ കൂടുതലിടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. കടലുണ്ടി പഞ്ചായത്തിലും പൂക്കൃഷി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉത്തരവാദിത്ത ടൂറിസം പദ്ധതി സ്ഥാപകൻ ഡോ.ഹാരൾഡ് ഗുഡ്വിൻ കടലുണ്ടിയിലെ ചെണ്ടുമല്ലിക്കൃഷി കാണാനെത്തിയിരുന്നു. പൊതുവിപണിയെക്കാൾ വില കുറച്ച് പൂക്കൾ വിൽക്കാനാണ് എല്ലായിടത്തും കർഷകരുടെ തീരുമാനം. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പൂവിനെ അപേക്ഷിച്ച് ലഭ്യത കുറവാണെങ്കിലും വരും വർഷങ്ങളിൽ ഇതു മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഓരോ കർഷകനും.