
എല്ലാ വർഷവും നവംബർ 1 ന് കേരളം കേരള ദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തിന്റെ പിറവിയെ സൂചിപ്പിക്കുന്ന ദിനമാണിത്. 1956 നവംബർ 1-നാണ് കേരള സംസ്ഥാനം രൂപീകൃതമായത്. അതിനു മുൻപ്,
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍, ബ്രിട്ടീഷ് മലബാര്‍, തെക്കന്‍ കനറ ജില്ലയിലെ കാസര്‍കോട് താലൂക്ക് എന്നിങ്ങനെ. ഈ നാലു പ്രദേശങ്ങളിലെയും ജനങ്ങള്‍ പൊതുവായ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരായിരുന്നു.
ഐക്യകേരളം ഭാഷ, ചരിത്രം, ഐതിഹ്യം എന്നിവ പൊതുവായുള്ള മലയാളികളെ ഒരുമിപ്പിക്കുക എന്നതായിരുന്നു ഐക്യകേരളപ്രസ്ഥാനത്തിന്റെ ലക്ഷ്യം. 1920-ലെ കോണ്‍ഗ്രസിന്റെ നാഗ്പുര്‍ സമ്മേളനം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് സമിതികള്‍ രൂപവത്കരിക്കാന്‍ നിശ്ചയിച്ചപ്പോള്‍ കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ എന്നീ പ്രദേശങ്ങള ഉള്‍പ്പെടുത്തിക്കൊണ്ട് 1921-ല്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ചു. ഇതേവര്‍ഷം ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന രാഷ്ട്രീയസമ്മേളനത്തില്‍ കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ പ്രതിനിധികള്‍ പങ്കെടുത്തു.
1928-ല്‍ എറണാകുളത്ത് ചേര്‍ന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിലും അഖിലകേരള കുടിയാന്‍ സമ്മേളനത്തിലും ഐക്യകേരളപ്രമേയങ്ങള്‍ പാസാക്കി. 1928-ല്‍ ജവാഹര്‍ലാല്‍നെഹ്രുവിന്റെ അധ്യക്ഷതയില്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന രൂപവത്കരിക്കുമ്പോള്‍ കേരളത്തെ പ്രത്യേക സംസ്ഥാനമായി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.