എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്എസ്എസിൽ പുതിയ ലാംഗ്വേജ് തിയറ്റർ സംവിധാനം തുടക്കമായി
02 Aug 2023
News
ശബ്ദമില്ലാത്ത ലോകത്ത് ജീവിക്കുന്ന കുട്ടികൾക്ക് സിനിമയുടെ സന്തോഷം പകർന്നു കൊണ്ടാണ് എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്എസ്എസിൽ പുതിയ ലാംഗ്വേജ് തിയറ്റർ സംവിധാനത്തിനു തുടക്കമായത്. ‘ആങ്ഗ്രി ബേർഡ്സി’ന്റെ വികൃതികൾ സ്വന്തം സ്കൂളിലെ വലിയ സ്ക്രീനിൽ കണ്ടപ്പോൾ കുഞ്ഞുങ്ങൾ സന്തോഷത്തോടെ കയ്യടിച്ചു.
ആം ഓഫ് ജോയിയും റോട്ടറി കാലിക്കറ്റ് സൺ റൈസും ചേർന്നാണ് കരുണയിലെ കുട്ടികൾക്കായി വലിയ സ്ക്രീനും ശബ്ദമികവുമുള്ള തിയറ്റർ ഒരുക്കിയത്. 120 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ് തിയറ്ററിലുള്ളത്. എച്ച്ഡി പ്രൊജക്ടർ ഉപയോഗിച്ചാണ് സിനിമയും വിഡിയോ ക്ലാസുകളും കാണിക്കുന്നത്. 7.1 സ്പീക്കർ സിസ്റ്റവും സബ് വൂഫറും ...ആംപ്ലിഫയറും അടക്കം രണ്ടരലക്ഷം രൂപ ചെലവിലാണ് തിയറ്റർ ഒരുക്കിയത്.
അൻപതോളം കുട്ടികൾക്ക് ഒരേ സമയം ഇരുന്ന് സിനിമ കാണാം ‘കരുണ ടാക്കീസിൽ’. ഉദ്ഘാടന ചടങ്ങുകളില്ലാതെ സിനിമ പ്രദർശിപ്പിച്ചാണ് തിയറ്റർ പ്രവർത്തനം തുടങ്ങിയത്. ‘ആങ്ഗ്രി ബേർഡ്സ്’ എന്ന അനിമേറ്റഡ് സിനിമയാണ് ആദ്യമായി കുട്ടികൾ കണ്ടത്. അൻപതോളം കുട്ടികളാണ് സബ്ടൈറ്റിലോടു കൂടിയ സിനിമ കണ്ട് ആസ്വദിച്ചത്. ആം ഓഫ് ജോയ് മാനേജിങ് ട്രസ്റ്റി അനൂപ് ഗംഗാധരൻ, റോട്ടറി കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് സി.വി.ധനേഷ്, കരുണ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ കെ.ആലീസ് എന്നിവർ പ്രസംഗിച്ചു.