നടക്കാവിൽ പുതിയ ബേബി പൂൾ; മുപ്പതിലധികം കുട്ടികൾക്ക് ഒരേസമയം നീന്തൽ പഠിക്കാനാകും
22 Feb 2024
News
നടക്കാവിൽ പുതിയ ബേബി പൂൾ വരുന്നു. ഇതിലൂടെ മുപ്പതിലധികം കുട്ടികൾക്ക് ഒരേസമയം നീന്തൽ പരിശീലനം നടത്താനാകും. നിലവിലുള്ള വീതി കുറഞ്ഞ സ്വിമ്മിങ് പൂളിൽ കൂടുതൽ കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് പുതിയ ബേബി പൂൾ നിർമിക്കുന്നത്. മൂന്നര വയസ്സ് മുതലുള്ള കുട്ടികളാണ് ബേബി പൂളിൽ നീന്തൽ പരിശീലനം നൽകുക. ബേബി പൂളിൽ പരിശീലനം ലഭിച്ചവർക്ക് അടുത്തഘട്ടത്തിന്റെ ഭാഗമായി വലിയ സ്വിമ്മിങ് പൂളിൽ നീന്തൽ പരിശീലനം നൽകും.
ജില്ല സ്പോർട്സ് കൗൺസിലിന്റെ നടക്കാവിലെ സ്വിമ്മിങ് പൂളിലാണ് പുതിയ ബേബി പൂളും നിർമിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായ പദ്ധതി മൂന്നുമാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ബേബി പൂളിന്റെ പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച രാവിലെ പത്തിന് നടക്കാവിലെ നീന്തൽ പരിശീലന കേന്ദ്രത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിക്കും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ അധ്യക്ഷതവഹിക്കും.