
ഇന്ന് നവരാത്രി ആഘോഷത്തിന് തുടക്കമായി. ഇതിനോട് അനുബന്ധിച്ചു വിവിധ ക്ഷേത്രങ്ങളൊരുങ്ങി. ഒക്ടോബർ അഞ്ചിന് വിജയദശമിനാളിലാണ് ആഘോഷങ്ങൾ സമാപിക്കുക. ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാർക്കായി പ്രത്യേക പൂജകൾ നടക്കും. തിരുത്തിയാട് അഴകൊടി ദേവിക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രി എട്ടിന് നൃത്താർച്ചനയും വിവിധ കലാകാരന്മാർ അണിനിരക്കുന്ന കാലാസന്ധ്യയും അരങ്ങേറും. ഒക്ടോബർ ഒന്നിന് കലാമാമാങ്കം മെഗാഷോയും രണ്ടിന് ശിവശങ്കരമാരാരുടെ നേതൃത്വത്തിൽ 101 കലാകാരന്മാർ അണിനിരക്കുന്ന മെഗാപാണ്ടിമേളം അരങ്ങേറും. മൂന്നിന് ഗ്രന്ഥംവെപ്പ്. വിജയദശമിനാളിൽ വാഹനപൂജയ്ക്കും വിദ്യാരംഭം കുറിക്കാനുള്ള സൗകര്യവുമുണ്ട്. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ മഹാനവമിനാളിൽ അടച്ചുപൂജയും വിജയദശമിനാളിൽ വിദ്യാരംഭം, വാഹനപൂജ എന്നിവയുണ്ടാവും. നവരാത്രി സർഗോത്സവസമിതിയുടെ നേതൃത്വത്തിൽ കേസരിഭവനിൽ സർഗോത്സവം തിങ്കളാഴ്ച ഉദ്ഘാടനം വൈകീട്ട് 5.30-ന് നടക്കും. 27-ന് തിരുവാതിര, ഓക്ടോബർ ഒന്നിന് രാവിലെ ലളിതഗാനമത്സരവും മൂന്നിന് ‘ദുരവസ്ഥ’ കാവ്യശില്പം അരങ്ങേറും. തായാട്ട് ഭഗവതിക്ഷേത്രത്തിൽ തിങ്കളാഴ്ചമുതൽ നവരാത്രിയോടനുബന്ധിച്ച് എല്ലാദിവസവും രാവിലെ 5.30-ന് ഗണപതിഹോമവും വൈകീട്ട് 5.30-ന് ലളിതകലാ സഹസ്രനാമാർച്ചനയുണ്ടാവും.