കോഴിക്കോട്: ഗരുഡ പ്രീമിയം വി.ഐ.പി ബസിന്റെ പട്ടം മാറ്റി നവകേരള ബസ് സൂപ്പർ ഡീലക്സ് എ.സി ബസായി വീണ്ടും രണ്ട് ആഴ്ചയ്ക്കകം സർവീസ് ആരംഭിക്കും. നിലവിൽ 26 സീറ്റുകളുള്ള നവകേരള ബസിന്റെ സീറ്റുകളുടെ എണ്ണം 38 ആക്കി ഉയർത്തും. ബസിന്റെ പിന്നിൽ വാതിൽമുതലുള്ള ഭാഗം ടോയ്‌ലെറ്റും വാഷിങ് ഏരിയയുമായിരുന്നപ്പോൾ, ടോയ്‌ലെറ്റ് ചെറിയത് ആക്കി മുൻവശത്ത് സ്ഥാപിക്കാനാണ് ഇപ്പോഴത്തെ പരിഷ്കാരം.
ബസിന്റെ മുൻ ഭാഗത്തുണ്ടായിരുന്ന ഹൈഡ്രോളിക് ലിഫ്റ്റ് നീക്കം ചെയ്യാനാണ് സാധ്യത. ബസിന്റെ ബോഡി ബിൽഡിങ് ബംഗളൂരുവിലെ ഭാരത് ബെൻസിന്റെ വർക്ക് ഷോപ്പിലാണ് അഴിച്ചുപണി നടക്കുന്നത്. ഗരുഡ പ്രീമിയം ലക്ഷ്വറി ബസായിരുന്ന ഈ വാഹനത്തെ കോഴിക്കോട്ടുനിന്ന് ബംഗളൂരു വരെയുള്ള സർവീസിന് ഉപയോഗിച്ചിരുന്നു. സൂപ്പർ ഡീലക്സ് എ.സിയായി മാറുന്നതോടെ യാത്രാ നിരക്ക് കുറയും.