
ദേശീയ ഇന്റർ സ്കൂൾ പെയിന്റിങ് മത്സരത്തിൽ താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിനി എസ്. തീർഥയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചു.
നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാവ്യതിയാന മന്ത്രാലയവും യുണൈറ്റഡ് നാഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ഇന്റർ സ്കൂൾ പെയിന്റിങ് മത്സരത്തിലാണ് തീർഥ ഒന്നാമത്തെ സ്ഥാനം നേടിയത്.
എട്ടുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസിലെ കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ ‘ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയ്ക്ക് ആരോഗ്യമുള്ള സമുദ്രം’ എന്ന ആശയത്തെ ആധാരമാക്കി രചിച്ച ചിത്രമാണ് തീർഥയെ സമ്മാനാർഹയാക്കിയത്.
ഞായറാഴ്ച ന്യൂഡൽഹി ഇന്ദിരാ പര്യാവരൺ ഭവനിൽ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവും കേന്ദ്രസഹമന്ത്രി അശ്വിനി കുമാർ ചൗബെയും പങ്കെടുക്കുന്ന ചടങ്ങിൽ സമ്മാനദാനം നടക്കും. ജൂൺ അഞ്ചിന് ന്യൂഡൽഹി വിഗ്യാൻ ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്നിഹിതനാവുന്ന ലോക പരിസ്ഥിതിദിനാഘോഷത്തിൽ പങ്കെടുക്കാനും തീർഥയ്ക്ക് അവസരം ലഭിക്കും. സംസ്ഥാനസർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരജേതാവായ തീഥയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിന് എ ഗ്രേഡ് ലഭിച്ചിരുന്നു.
താമരശ്ശേരി വെഴുപ്പൂർ ശങ്കരമ്പാത്ത് സായിലക്ഷ്മിയിൽ പി.എസ്.സി. പരിശീലകൻ പി. വിജേഷിന്റെയും താമരശ്ശേരി ചാവറ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപിക എം. ഷബ്‌നയുടെയും മകളാണ്. എസ്. പുണ്യ സഹോദരിയാണ്.