നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ചാന്ദ്രയാൻ 3 വിജയകരമായി വിക്ഷേപണം നടന്നതിന്റെ ആഘോഷങ്ങൾ അലയടിക്കുന്നു...
25 Jul 2023
News
എൻഐടിയിൽനിന്ന് വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർഥികളാണു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു വിക്ഷേപിച്ച ചാന്ദ്രയാൻ 3ന്റെ നിർമാണഘട്ടങ്ങളിൽ പ്രധാനപങ്കു വഹിച്ചത്. ആയതിനാൽ, ചാന്ദ്രയാൻ 3 വിജയകരമായി വിക്ഷേപണം നടന്നതിന്റെ ആഘോഷങ്ങൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും (എൻഐടി) അലയടിക്കുന്നു.
എൻഐടി റീജനൽ എൻജിനീയറിങ് കോളജ് ആയിരുന്ന കാലത്ത് 1973 ബാച്ചിലെ ബിരുദധാരി ഡോ.സുബ്ബ റാവു 1992ൽ ഇന്ത്യയിലെ ബഹിരാകാശ ഗവേഷണത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അനന്ത് ടെക്നോളജീസ് (എടിഎൽ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പദ്ധതിയുടെ പ്രധാന സ്വകാര്യ പങ്കാളി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അനന്ത് ടെക്നോളജീസ് ഐഎസ്ആർഒയുടെ എല്ലാ വിക്ഷേപണ വാഹനങ്ങൾക്കും ഉപഗ്രഹ ദൗത്യങ്ങൾക്കും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഓൺ-ബോർഡ് കംപ്യൂട്ടറുകൾ, നാവിഗേഷൻ സിസ്റ്റം, കൺട്രോൾ ഇലക്ട്രോണിക്സ്, ടെലിമെട്രി, പവർ സിസ്റ്റം എന്നിവയുൾപ്പെടെ ചന്ദ്രയാൻ വിക്ഷേപണ വാഹനമായ എൽവിഎം 3 ദൗത്യത്തിനായുള്ള ഒട്ടേറെ ഏവിയോണിക്സ് പാക്കേജുകൾ പൂർത്തിയാക്കാൻ എടിഎൽ സഹായിച്ചിട്ടുണ്ട്.
ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചതിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പഠിച്ചിറങ്ങിയ ബിരുദധാരികളുടെ പങ്ക് അഭിമാനകരമാണെന്ന് എൻഐടിസി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. സ്വകാര്യ പങ്കാളികൾക്കു പുറമേ, ഐഎസ്ആർഓയിൽ എൻജിനീയർമാരായി ജോലി ചെയ്യുന്ന ഒട്ടേറെ പൂർവ വിദ്യാർഥികളുമുണ്ടെന്ന് പ്രസാദ് കൃഷ്ണ പറഞ്ഞു.