
ജില്ലയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള "എന്റെ വാർഡ് നൂറിൽ നൂറ്’ പരിപാടി ഊർജിതമാകുന്നു. 78 തദ്ദേശ സ്ഥാപനങ്ങളിലെ 1564 വാർഡുകളെയും ഗ്രേഡ് ചെയ്ത് അതത് പഞ്ചായത്ത്–-നഗരസഭാ അംഗങ്ങളെ ജില്ലാതലത്തിൽ ആദരിക്കുന്നതിന്റെ ആദ്യഘട്ടം നവംബറിൽ നടക്കും. ഡിസംബറിലും -ജനുവരിയിലുമായി അടുത്ത ഘട്ടങ്ങളിൽ വിവിധ പ്രവർത്തനങ്ങളുണ്ടാകും. ജനുവരി 26ന് സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം നടത്തും.
വാർഡിൽ നൂറ് ശതമാനം വീടുകളിൽനിന്നും കച്ചവട സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യങ്ങൾ എല്ലാ മാസവും ഹരിതകർമസേനക്ക് കൈമാറൽ, എല്ലാ റോഡരികും വലിച്ചെറിയൽ മുക്തമാക്കൽ, ജലാശയങ്ങൾ ഖരമാലിന്യമുക്തമാക്കൽ, വിദ്യാലയങ്ങളും ഓഫീസുകളും മാലിന്യമുക്തമാക്കൽ തുടങ്ങിയവ ജില്ലാസംഘം നവംബർ ആദ്യവാരം പരിശോധിച്ച് സാക്ഷ്യപത്രം നൽകണം. ഇപ്പോൾ ഇവ പൂർത്തിയായ വാർഡ് അംഗങ്ങൾക്ക് ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ അറിയിക്കാമെന്ന് എൽഎസ്‌ജിഡി ജില്ലാ ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അറിയിച്ചു.
ആലോചനാ യോഗത്തിൽ നവകേരളം കോ -ഓർഡിനേറ്റർ പി ടി പ്രസാദ്, മാലിന്യമുക്ത നവകേരളം കോ -ഓർഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വ മിഷൻ കോ -ഓർഡിനേറ്റർ എം ഗൗതമൻ, പി ജി പ്രമോദ്, വിഘ്‌നേഷ്, എം സുധാകരൻ എന്നിവർ സംസാരിച്ചു.