
പോയകാലങ്ങളുടെ അടയാളപ്പെടുത്തലുമായി ചരിത്രപ്രാധാന്യമുള്ള കാപ്പാട് തീരത്ത് മ്യൂസിയം ഒരുങ്ങും. വിദേശികളടക്കം ആയിരക്കണക്കിന് പേർ എത്തുന്ന കാപ്പാട് മ്യൂസിയത്തിന്റെ പ്രാരംഭ പ്രവർത്തനത്തിനായി 10 കോടി രൂപയാണ് അനുവദിച്ചത്. മ്യൂസിയം തീരത്തിന്റെയും പ്രദേശത്തിന്റെയും വളർച്ചയ്‌ക്ക് പുതുവേഗമേകും.
സാമ്രാജ്യത്വത്തിന്റെ കടന്നുവരവിന് സാക്ഷിയായ തീരമാണ് കാപ്പാട്. വൈദേശികാധിപത്യത്തിനെതിരായ ചെറുത്തുനിൽപ്പുകൾക്കും കാപ്പാട് ഉൾപ്പെടുന്ന ചേമഞ്ചേരി വേദിയായി. ക്വിറ്റ് ഇന്ത്യാ സമരത്തിലെ തീക്ഷ്‌ണമായ സമരം നടന്നത് ചേമഞ്ചേരിയിലായിരുന്നു. ഗാമ കപ്പലിറങ്ങിയതിന്റെ അടയാളമായി സമീപകാലത്തുണ്ടാക്കിയ ചെറിയ സ്മാരകം മാത്രമാണ് കാപ്പാടുള്ളത്.
ലോകത്തെ ചുരുക്കം കടലോരങ്ങൾക്കുമാത്രമുള്ള ബ്ലൂ ഫ്ലാഗ് പദവിയിലുള്ള കാപ്പാട് തീരത്തിന്റെ ചരിത്രം പഠിക്കാനും വഴിയൊരുക്കുന്നതാണ് പ്രഖ്യാപനമെന്ന് കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു.