
മത്തായിചാക്കോ പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മുക്കംഫെസ്റ്റ് ഡിസംബർ 23 മുതൽ ജനുവരി രണ്ടാം വാരംവരെ നടക്കുന്നതാണ്.
അഗസ്ത്യൻമുഴിയിൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മൈതാനത്തിലാണ് ഫെസ്റ്റ്. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, വ്യവസായിക പ്രദർശനം, അമ്യൂസ്‌മെന്റ് പാർക്ക്, പുഷ്പ, ഫല, സസ്യപ്രദർശനം, പുതിയ കാർഷികോപകരണങ്ങളുടെ പ്രദർശനം, വാഹനപ്രദർശനം, പെറ്റ്ഷോ, വിവിധയിനം പക്ഷികളുടെ പ്രദർശനം, ഭക്ഷ്യമേള തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രളയവും കോവിഡുംകാരണം കഴിഞ്ഞ വർഷങ്ങളിൽ ഫെസ്റ്റ് നടത്തിയിരുന്നില്ല. വ്യാപാരികൾ, സന്നദ്ധസംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. സംഘാടകസമിതി രൂപവത്കരിച്ചു.
മുക്കം ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണയോഗം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷനായി. ജോർജ് എം. തോമസ്, അഗ്രോ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, മുക്കം മുഹമ്മദ്, ടി. വിശ്വനാഥൻ, ഇ. രമേശ് ബാബു, വി.കെ. വിനോദ്, മാത്യു ചെമ്പോട്ടിക്കൽ, അലി അക്ബർ, സി.ടി. നളേശൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ലിന്റോ ജോസഫ് എം.എൽ.എ. (ചെയ.), വി.കെ. വിനോദ് (ജന. കൺ.), പി.ടി. ബാബു (ട്രഷ.).