തുറമുഖത്തുനിന്നും കപ്പൽ വഴിയും ഉരു മാർഗവുമുള്ള ചരക്ക് നീക്കത്തിനും യാത്രയ്ക്കും സെപ്തംബർ 15 വരെ മൺസൂൺകാല നിരോധനം
15 May 2023
News
എല്ലാ വർഷവും ഏർപ്പെടുത്തുന്ന മൺസൂൺകാല നിരോധനം, മർക്കന്റയിൽ മറൈൻ നിയമപ്രകാരം ചെറുകിട- ഇടത്തരം തുറമുഖങ്ങൾ വഴി യാത്രാ കപ്പലുകൾ, യന്ത്രവൽകൃത വെസലുകൾ (ഉരുക്കൾ ) ഉൾപ്പെടെയുള്ള യാനങ്ങൾക്ക്, തിങ്കൾ മുതൽ നിലവിൽ വരും.
സെപ്തംബർ 15 വരെ നാലു മാസത്തെ നിരോധന കാലയളവിൽ തുറമുഖത്തുനിന്നും കപ്പൽ വഴിയും ഉരു മാർഗവുമുള്ള ചരക്ക് നീക്കത്തിനും യാത്രയ്ക്കും വിലക്കാണ്.
നിരോധനത്തെ തുടർന്ന് ഉരുക്കളെല്ലാം തുറമുഖത്തിന് പുറത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി.നേരത്തേ യാത്രാ ക്ലിയറൻസ് ലഭിച്ച അഞ്ച് ഉരുക്കൾ ഇനിയും ചരക്ക് കയറ്റാനുണ്ട്. ഇവ രണ്ടു ദിവസങ്ങൾക്കകം ദ്വീപിലേക്ക് തിരിക്കും. ബേപ്പൂരിൽ കഴിഞ്ഞ സീസണിൽ യാത്രാ കപ്പലുകൾ സർവീസുണ്ടായിരുന്നില്ല.
ലക്ഷദ്വീപിലേക്ക് വൻകരയിൽനിന്നും എല്ലാ അവശ്യസാധനങ്ങളും പ്രധാനമായും കൊണ്ടുപോകുന്നത് ബേപ്പൂരിൽ നിന്നും യന്ത്രവൽകൃത ഉരുക്കളിലാണ്. മുപ്പതോളം ഉരു ബേപ്പൂർ - ലക്ഷദ്വീപ് ചരക്കു കയറ്റിറക്കു രംഗത്തുണ്ട്.
നിരോധന കാലത്തേക്കുള്ള ഇന്ധനമടക്കം ഒട്ടുമിക്ക സാധനങ്ങളും ദ്വീപിൽ സംഭരിക്കുക പതിവാണ്. പഴം, പച്ചക്കറി പോലുള്ള അത്യാവശ്യ സാധനങ്ങൾ കൊണ്ടുപോകുന്നതിന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ എലി കൽപേനി, തിന്നക്കര, സാഗർ യുവരാജ്, സാനർ സാമ്രാജ്, ഉബൈദുല്ല തുടങ്ങിയ കപ്പലുകളും ബാർജും പ്രത്യേക സർവീസ് ഉണ്ടാകും. ദ്വീപിൽ നിന്നും പ്രധാനമായും ഇറക്കുമതി ചെയ്യുന്ന നാളികേരം, നിരോധനത്തിന് മുമ്പായി ഒന്നിച്ചെത്തിയിരുന്നു. നിരോധനകാലം തുറമുഖത്തെ 200ഓളം തൊഴിലാളികൾക്ക് വറുതിയുടെ നാളുകളാണ്.