
സംസ്ഥാനസർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ടൂറിസം ഹബ്ബ് പദ്ധതിയിൽ മലയോര ടൂറിസം ഹബ്ബായി തിരുവമ്പാടിയെ പരിഗണിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മത്തായി ചാക്കോ പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച മുക്കം ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായായിരുന്നു മന്ത്രി. മലയോരമേഖലയായ മണ്ഡലത്തിന്റെ വിനോദസഞ്ചാര സാധ്യത കണക്കിലെടുത്താണ് ഹബ്ബ് പരിഗണിക്കുന്നത്. സാഹസിക ടൂറിസത്തിന്റെ സാധ്യതകളും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ഐക്യം കൂടുതൽ പ്രകടമാക്കി കോവിഡനന്തര ഫെസ്റ്റുകളിൽ അഭൂതപൂർവമായ ജനസഞ്ചയമാണ് അനുഭവപ്പെടുന്നത്. ഇത് ടൂറിസം മേഖലയിലും വൻകുതിപ്പാണുണ്ടാക്കിയതെന്നും. മന്ത്രി പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. കെ.എം.സി.ടി. ചെയർമാൻ ഡോ. കെ.എം. നവാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ്, കൊടിയത്തൂർ സഹകരണബാങ്ക് പ്രസിഡൻറ് വി. വസീഫ്, പ്രവാസി വ്യവസായി ഷെരീഫ് കാരമൂല എന്നിവർ മുഖ്യാതിഥികളായി. ലിഡാ ജേക്കബ്, ജില്ലാപഞ്ചായത്ത് അംഗം ബോസ് ജേക്കബ് എന്നിവർ സംസാരിച്ചു. ഫെസ്റ്റിൽ ഗതാഗതനിയന്ത്രണം സ്വയമേറ്റെടുത്ത് പ്രശംസ നേടിയ ഉണ്ണിക്കായി, രാജൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. സിഗ്നി ദേവരാജ്, സി. അസ്‌ല എന്നിവർ മന്ത്രിയുടെ ചിത്രങ്ങൾ വരച്ച് സമ്മാനിച്ചു.
സംഘാടകസമിതി ജനറൽ കൺവീനർ വി.കെ. വിനോദ്, ടി.പി. രാജീവ് തുടങ്ങിയവർ സംസാരിച്ചു.