
അറബികളുടെ പരമ്പരാഗത സമുദ്രയാനമായ ഉരുവിന്റെ ആയിരം കുഞ്ഞൻരൂപങ്ങൾ ഖത്തർ ലോക കപ്പിനുള്ള സമ്മാനമായി, കേരളത്തിൽ നിന്നും ഖത്തറിൽ എത്തും. ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച ഇത്തരം ആയിരം ഉരുകളാണ് ഇതിനായി ബേപ്പൂരിൽ നിർമിക്കുന്നത്.
ലോക കപ്പിനായി ഫിഫ നാലു തരം സമ്മാനങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ സാംസ്കാരിക വിഭാഗത്തിൽപ്പെട്ട സമ്മാനങ്ങളുടെ ഔദോഗിക പങ്കാളിത്തം “ബ്ലാക്ക് ആരോ ഗിഫ്റ്സ് ആൻഡ് നോവെൽറ്റിസ്” കമ്പനിക്കാണ്.
ഇവരാണ് ബേപ്പൂരിൽ ആയിരം കുഞ്ഞൻ ഉരുരൂപങ്ങൾ നിർമ്മാണം പൂർത്തിയാക്കി ദോഹയിൽ എത്തിക്കുക. ആദ്യമായാണ് ഫിഫ ലോകകപ്പിന്റെ സമ്മാന വിഭാഗത്തിൽ കേരളത്തിന് പ്രാതിനിധ്യം ഉണ്ടാവുന്നത്. ഇതോടെ ഖത്തറിന്റെ പൈതൃകവും കേരളത്തിന്റെ കരകൗശല വിരുതും ലോകകപ്പിനൊപ്പം യാത്ര തുടങ്ങും.
ബേപ്പൂരിലെ ശിൽപികൾ മരത്തിൽ പണി തീർത്തു അയക്കുന്ന ഉരുകൾ നൂറ്റാണ്ടുകളായി ഖത്തറിൽ ഉപയോഗിച്ച് വരുന്നു പൂർണമായും ഫിഫയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ബേപ്പൂരിലെ പതിനഞ്ചു കലാകാരന്മാർ തങ്ങളുടെ വീടുകളിലിരുന്നു ആയിരം ഉരുകളും നിർമിക്കുന്നത്.