
‘മീഠീ മലയാളം’ എന്ന പരിപാടി ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് മലയാളപഠനം എളുപ്പമാക്കാൻ, നടപ്പാക്കുന്നു. സമഗ്ര ശിക്ഷാകേരളം കോഴിക്കോട് സൗത്ത് യു.ആർ.സി.യാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിൽവന്നു താമസിക്കുന്നവരുടെ മക്കളായ 300 പേർ കോഴിക്കോട് യു.ആർ.സി. പരിധിയിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്നുണ്ടെന്ന് സർവേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. മലയാളഭാഷ വേഗം വശമാക്കാനാവാത്തതിനാൽ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടാൻ ഈ കുട്ടികൾക്ക് കഴിയുന്നില്ലെന്നു മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി. മലയാളത്തിൽ വായിക്കാനും എഴുതാനുമുള്ള പരിമിതി മറികടക്കുന്നതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ച് സമയബന്ധിതമായി പൂർത്തിയാക്കുന്ന വിധത്തിലാണ് ‘മീഠി മലയാളം’ എന്ന പഠനപോഷണപരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്