
കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ, നവകേരളം കർമപദ്ധതിയിൽ ഹരിതകേരളം മിഷൻ സംസ്ഥാന ഐടി മിഷന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന നീർച്ചാൽ മാപ്പിങ് മാപ്പത്തോണിന്, തുടക്കമായി.
ഉപഗ്രഹചിത്രങ്ങൾ, നേരിട്ടുള്ള സന്ദർശനം, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ നീർച്ചാൽ ശൃംഖല കണ്ടെത്തി മാപ് ചെയ്താണ് പ്രവർത്തനം. പശ്ചിമഘട്ട മലനിരകൾ ഉൾക്കൊള്ളുന്ന ജില്ലയിലെ 14 പഞ്ചായത്തുകളിലാണ് നീർച്ചാലുകളുടെ മാപ്പിങ് നടത്തുന്നത്. പശ്ചിമഘട്ട പ്രദേശത്തുനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് പകരം സുരക്ഷിത ജീവിതം സാധ്യമാകുന്ന പ്രദേശമായി മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടാണ് മാപ്പിങ്.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം സീന ബിജു അധ്യക്ഷയായി. നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ പി പ്രകാശ്, സ്ഥിരംസമിതി അധ്യക്ഷ റോസി ലി ജോസഫ്, പഞ്ചായത്ത് അസി. സെക്രട്ടറി പി എസ് അജിത്ത്, നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺ ഡോണ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.