
കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ പബ്ലിക് ഇൻഫർമേഷൻ ഓഫീസും സംയുക്തമായി മലയാള ദിനം, ഭരണഭാഷാ വാരാഘോഷം എന്നിവയോടനുബന്ധിച്ച് നവംബർ 1 മുതൽ 7 വരെ ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു.
പരിപാടികളുടെ ഉദ്ഘാടനം നവംബർ ഒന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. പ്രമുഖ എഴുത്തുകാരി ഡോ. ഖദീജ മുംതാസ് മുഖ്യാതിഥിയാവും.
ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുമായി വിപുലമായ പരിപാടികളാണ് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്കായി സോഷ്യൽ മീഡിയ വഴി റീൽസ് മത്സരം, വായനാ റിവ്യൂ മത്സരം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
നവംബർ രണ്ടിന് രാവിലെ 11 മണിക്ക് ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി തർജ്ജമ മത്സരവും ഭരണ ഭാഷാ ക്വിസ് മത്സരവും നടത്തും. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കഥ, കവിത, ഉപന്യാസ മത്സരങ്ങളും നടത്തുന്നുണ്ട്. അന്നേ ദിവസം വൈകുന്നേരം മൂന്ന് മണിക്ക് എഴുത്തുകാരൻ കല്പറ്റ നാരായണന്റെ നേതൃത്വത്തിൽ കഥ, കവിത അരങ്ങുകൾ നടത്തും.
കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ്, പ്രിൻസിപ്പലിന്റെ കത്ത് എന്നിവ സഹിതം [email protected] എന്ന മെയിൽ ഐ.ഡിയിൽ ഒക്ടോബർ 31 നകം രജിസ്റ്റർ ചെയ്യണം.
#ഋ #keralapiravi #november1 #malayalam #collectorkkd #സരളം #സുന്ദരം #സുദൃഢം