മാലിന്യ സംസ്കരണ മേഖലയിൽ വൻപദ്ധതികളും, ജില്ലയെ കാർബൺ ന്യൂട്രലായി മാറ്റാനും ജില്ല പഞ്ചായത്തിന്റെ ബജറ്റിൽ ഉൾപ്പെടുന്നു
10 Feb 2024
News
വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലകള്‍ക്ക് ഊന്നല്‍ നൽകിയും, കാർഷികമേഖലയിൽ തനതുവരുമാന വർധന ലക്ഷ്യമിട്ടും,ജില്ലയുടെ സമഗ്രവികസനത്തിന് വാതിൽ തുറന്നും ജില്ല പഞ്ചായത്തിന്റെ ബജറ്റ്. ജില്ല പഞ്ചായത്തിന്റെ പ്രധാന വരുമാന മാർഗമായ കൂത്താളി, പേരാമ്പ്ര, പുതുപ്പാടി, തിക്കോടി, ചാത്തമംഗലം ഫാമുകളിൽ കൂടുതൽ പദ്ധതികളും നവീകരണവും നടത്തി വരുമാനം വർധിപ്പിക്കുന്നതുൾപ്പെടെയുള്ളവയാണ് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് അവതരിപ്പിച്ച ജില്ല പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ്.
115,35,36,004 രൂപ വരവും 110,31,21,318 രൂപ ചെലവും 5,04,14,686 രൂപ മിച്ചവും പ്രതീക്ഷിച്ചുള്ള ബജറ്റാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയിൽ അവതരിപ്പിച്ചത്. ജനങ്ങളുടെ ജീവിത നിലവാര നിലവാരം വർധിപ്പിക്കാനും അടിസ്ഥാനമേഖലയിലും കാർഷികമേഖലയിലും വികസനം ലക്ഷ്യംവെച്ചുള്ളതുമാണ് ബജറ്റെന്ന് അവതരണവേളയിൽ പി. ഗവാസ് പറഞ്ഞു.
ജില്ല പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്ന ബജറ്റ് അവതരണ യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ വി.പി. ജമീല, നിഷ പുത്തന്‍പുരയില്‍, കെ.വി. റീന, പി. സുരേന്ദ്രന്, ജില്ല പഞ്ചായത്ത് സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, ജില്ല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. ഭരണപക്ഷ അംഗങ്ങൾ ബജറ്റിനെ സ്വാഗതം ചെയ്തു.
പ്രധാന പ്രഖ്യാപനങ്ങള്‍ :
→ കാർബൺ ന്യൂട്രൽ ജില്ലയാക്കി മാറ്റും
→ ദരിദ്രരില്ലാത്ത ജില്ലയാക്കി മാറ്റാൻ ഉതകുന്ന പദ്ധതികൾ
→ മാലിന്യ സംസ്കരണ മേഖലയിൽ വൻപദ്ധതികൾ
→ പശ്ചാത്തല വികസന മേഖലക്ക് 37.34 കോടി രൂപ
→ പട്ടികജാതി വികസനത്തിന് 12.75 കോടി
→ പട്ടികവർഗ മേഖലക്ക് 83 ലക്ഷം രൂപ