മഹാത്മാ ദേശ സേവാ ട്രുസ്ടിന്റെ ഹരിതാമൃതം പ്രദർശനം വൈവിധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നു
15 Feb 2023
News
മഹാത്മാ ദേശ സേവാ ട്രസ്റ്റ് ഒരുക്കിയ ഹരിതാമൃതം പ്രദർശനത്തിൽ തിരക്കേറി. 13 വർഷമായി നടത്തുന്ന പ്രദർശനത്തിലെ മുപ്പതിലധികം സ്റ്റാളുകൾ ഇക്കുറിയും വൈവിധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നു. വിഷ രഹിത ഭക്ഷണ രീതിയും പ്രകൃതിയുമായി ബന്ധപ്പെട്ട രോഗ ചികിത്സയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രദർശനം നടത്തുന്നത്.
ദിവസവും നടക്കുന്ന സെമിനാറുകളിൽ ജന പങ്കാളിത്തമുണ്ട്. നൂറിലധികം അപൂർവ ഔഷധ സസ്യങ്ങളുമായി പ്രകാശൻ മുക്കാളി ഒരുക്കിയ സ്റ്റാളിൽ പല രോഗത്തിനും പ്രതിവിധി മരുന്നുകളുണ്ട്.
കെ.വി.മുഹമ്മദ് ഗുരുക്കളുടെ കളരി ആയുധ പ്രദർശനത്തിൽ കളരി ചികിത്സയുമായി ബന്ധപ്പെട്ട നിരവധി മരുന്നുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഗോശാല, തങ്കപ്പൻ വൈദ്യരുടെ ചികിത്സ ക്യാംപിനു പുറമേ മട്ടന്നൂർ ഭാസ്കരൻ വൈദ്യർ, സിദ്ധ ഉൽപന്നങ്ങളുമായി ശുകൻ വൈദ്യർ, ആദിവാസി പാരമ്പര്യ ചികിത്സയുമായി നടരാജ സ്വാമി എന്നിവരും പ്രദർശനത്തിനെത്തി.
നാടൻ കൂവപ്പൊടി, കൊല്ലം പാട്ടാഴി അമ്പാടി ഗോ ശാലയുടെ കൺമഷി, അടക്ക പൊളിക്കുന്ന മെഷീൻ, സമൃദ്ധിയുടെ ചക്ക വിഭവം എന്നിവയ്ക്ക് പുറമേ മുളയരിപ്പായസം, ചേനപ്പായസം, മുത്താറി പഴം പൊരി, കുത്തിരി കഞ്ഞിയും പുഴുക്കും, കണ്ടിക്കിഴക്ക് കഞ്ഞി, കഫ രോഗ നിവാരണത്തിന് ജാപ്പി തുടങ്ങിയ ഭക്ഷ്യ വിഭവങ്ങളും പ്രദർശനത്തിലുണ്ട്. കേരള ജൈവ കർഷക സമിതി, കണ്ണമ്പ്രത്ത് പ്രകൃതി കൃഷി കേന്ദ്രം, സ്വദേശി ഔഷധ സസ്യ പഠന ഗാലറി, മയൂരം നാളികേര ഉൽപന്നങ്ങൾ, കണ്ണൂർ ജനാരോഗ്യ പ്രസ്ഥാനം, നഗരസഭ ഹരിയാലി തുടങ്ങിയ ഒട്ടേറെ പ്രദർശന.– വിപണന സ്റ്റാളുകളും ഉണ്ട്.