
വയോജനങ്ങളുടെ സാമൂഹ്യ-വും വൈകാരികവും -മാനസികവുമായ പരിമിതികളെ അതിജീവിക്കാൻ പ്രാപ്തരാക്കുന്ന ഇടമാണ് കാരപ്പറമ്പ് വാഗ്ഭടാനന്ദ മന്ദിരത്തിൽ യുഎൽസിസിഎസ് ഫൗണ്ടേഷൻ ഒരുക്കിയ മടിത്തട്ട്. നഗരത്തിലെ മുതിർന്ന പൗരർക്ക് പകൽസമയം ക്രിയാത്മകമായി ചെലവഴിക്കാൻ പുതുസൗകര്യങ്ങളോടെയുള്ള സർഗവേദിയാണിത്. തിങ്കൾ പകൽ 11.30ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനംചെയ്യും. സാധാരണ വയോജന പകൽപരിപാലന കേന്ദ്രത്തിൽനിന്ന് വ്യത്യസ്തമായാണ് മടിത്തട്ടിന്റെ സങ്കൽപം.
യുഎൽസിസിഎസ് ഫൗണ്ടേഷന് കീഴിൽ വടകര നാദാപുരം റോഡിൽ പ്രവർത്തിക്കുന്ന മുതിർന്നവർക്കുള്ള ‘മടിത്തട്ട്’ ഗ്രാമീണമായ സാമൂഹ്യാന്തരീക്ഷത്തിലുള്ളതാണ്. കാരപ്പറമ്പിലേത് തികച്ചും നഗരപശ്ചാത്തലത്തിലും.
ചികിത്സ, ഭക്ഷണം, ആരോഗ്യപരിചരണം, വിനോദം, യാത്ര, സാഹിത്യം, കല എന്നീ മേഖലകളിലെല്ലാം മടിത്തട്ടിന്റെ സ്‌പർശമുണ്ടാവും. മുതിർന്നവരെ പരിചരിക്കുന്നതിൽ പരിശീലനമുള്ള ജീവനക്കാരാണ് മടിത്തട്ടിൽ ഉണ്ടാവുക.
തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ നാലുവരെയാണ് മടിത്തട്ടിന്റെ പ്രവർത്തനസമയം. വാഗ്ഭടാനന്ദമന്ദിരത്തിലെ നിലവിലെ സൗകര്യങ്ങൾ വയോജനസൗഹൃദമാക്കിയാണ് പദ്ധതി. വയോജനങ്ങൾക്ക് ഒത്തുചേരാനുള്ള സൗകര്യവും ടിവി, മ്യൂസിക് സിസ്റ്റം എന്നിവയും സ്ഥാപനത്തിന്റെ മെയിൻ ഹാളിൽ ഉണ്ട്. ഇതിനുപുറമെ കരകൗശല വസ്തുക്കൾ, മരുന്നുകവർ, വിളക്കുതിരി തുടങ്ങിയ ലഘുനിർമാണ പ്രവൃത്തികളിലും ഏർപ്പെടാം. രാവിലെയും വൈകിട്ടും ചായ, ലഘു ഭക്ഷണം, ഉച്ചയൂണ് എന്നിവ സൗജന്യമാണ്. ഡയറ്റീഷ്യന്റെ നിർദേശപ്രകാരമാവും ഭക്ഷണക്രമീകരണം. എല്ലാ പ്രവൃത്തി ദിവസവും രാവിലെ ഒരു മണിക്കൂർ യോഗയുണ്ട്. വാഗ്ഭടാനന്ദമന്ദിരത്തിലെ ഡോ. സുകുമാർ അഴീക്കോട് ലൈബ്രറിയുടെ സൗകര്യവും മെച്ചപ്പെടുത്തും.