തീർഥാടകരെ വരവേൽക്കാനൊരുങ്ങി ലോകനാർകാവ്; 15ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും
07 Oct 2023
News
പുതുമോടിയണിഞ്ഞ് തീർഥാടകരെ വരവേൽക്കാനൊരുങ്ങി ലോകനാർകാവ്. സംസ്ഥാന സർക്കാർ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ കെട്ടിടസമുച്ചയങ്ങൾ 15ന് വൈകിട്ട് നാലിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. 14 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ശീതീകരിച്ച മുറികൾ, ഡോർമിറ്ററി, ഊട്ടുപുര, കളരി, ചുറ്റുമതിൽ എന്നിവയുടെ നിർമാണമാണ് പൂർത്തിയായത്. കളരി മ്യൂസിയം പ്രവൃത്തി ഉടനെ ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തിയത്. 2010ൽ കോടിയേരി ബാലകൃഷ്ണൻ ടൂറിസംമന്ത്രിയായിരുന്ന കാലത്താണ് ലോകനാർകാവിലെ ടൂറിസം പദ്ധതിക്ക് ചിറകുമുളച്ചത്. പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ 6.69 കോടിയുടെ പ്രവൃത്തിയും അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഊട്ടുപുര, വലിയചിറ, ചെറിയചിറ, തന്ത്രിമഠം, കാവ് സംരക്ഷണം എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയത്. ഇതുകൂടി പൂർത്തിയാവുന്നതോടെ വിവാഹച്ചടങ്ങുകളും പുനരാരംഭിക്കാൻ കഴിയും. വടകരയുടെ ടൂറിസം മുന്നേറ്റങ്ങൾക്ക് ഇത് കരുത്തുപകരും. ഉദ്ഘാടന പരിപാടിയിൽ സാംസ്‌കാരിക ഘോഷയാത്ര, കളരിപ്പയറ്റ് പ്രദർശനം തുടങ്ങിയവ നടക്കും.