
വാവുത്സവത്തോടനുബന്ധിച്ചു കടലുണ്ടി ജനപ്രവാഹ തിരക്കിലമർന്നു. നാനാദിക്കുകളിൽ നിന്നായി ആയിരങ്ങളാണ് വാവുത്സവത്തിനു ഒഴുകിയെത്തിയത്. പേടിയാട്ട് ക്ഷേത്രത്തിൽ പ്രാർഥിക്കാനും വഴിപാടുകൾ സമർപ്പിക്കാനും അനേകം ഭക്തർ എത്തി.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ ആളുകൾ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതോടെ വൈകീട്ടു ലവൽക്രോസ് പരിസരം മുതൽ കോട്ടക്കടവ് വരെ കാലുകുത്താൻ ഇടമില്ലാത്ത വിധം ജനങ്ങൾ തിങ്ങി നിറഞ്ഞു. ഇതോടെ ഗതാഗതം തടസപ്പെടുകയും, അത് നിയന്ത്രിക്കാൻ പൊലീസ് ഇടപെടുകയും ചെയ്തു. കച്ചവടങ്ങൾ റോഡിനു വശങ്ങളിൽ തകൃതിയായി നടന്നു. കടലുണ്ടിയിലും പരിസരങ്ങളിലുമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ ഉപാധികളും ഒരുക്കിയിരുന്നു.
പുലർച്ചെ നടക്കുന്ന തുലാമാസ വാവ് ബലിതർപ്പണത്തിന് രാത്രി തന്നെ ആയിരങ്ങൾ വാക്കടവിൽ എത്തിച്ചേർന്നിരുന്നു. ബലിയിടാൻ എത്തുന്നവർക്ക് വാവുബലി തർപ്പണ സമിതി നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷ ഒരുക്കുന്നതിനുമായി കോട്ടക്കടവ് മുതൽ വാക്കടവ് വരെ പൊലീസിന്റെ കനത്ത നിരീക്ഷണത്തിലായിരുന്നു.