
വനിതകൾ മാത്രം അംഗങ്ങളായുള്ള രക്തദാനസേനയുമായി കുടുംബശ്രീ. രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സന്നദ്ധ സേവനരംഗത്ത് വേറിട്ട പദ്ധതി ഒരുക്കുന്നത്. സേനയിൽ 5000 വനിതകളെ അംഗങ്ങളാക്കും. അയൽക്കൂട്ട യൂണിറ്റുകളിൽനിന്ന് സന്നദ്ധരായവരെ കണ്ടെത്തും. ജില്ലാതലത്തിൽ ഡയറക്ടറി രൂപീകരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഡയറക്ടറി രൂപീകരിച്ച് കുടുംബശ്രീ രക്തദാനത്തിനിറങ്ങുന്നത്. ഡയറക്ടറി സിഡിഎസുകളിൽ സൂക്ഷിക്കും. രക്തം ആവശ്യമുള്ളവർക്ക് കുടുംബശ്രീ അംഗങ്ങളെ ബന്ധപ്പെട്ടാൽ മതി. മെയ് 17നകം സേന രൂപീകരിച്ച് രക്തദാനം തുടങ്ങാനാണ് തീരുമാനം.
വാർഷികാഘോഷത്തിന്റെ ഭാഗമായി മൊബൈൽ ശുചിത്വസേനയും രൂപീകരിക്കുന്നുണ്ട്. സർക്കാർ–-സ്വകാര്യ സ്ഥാപനങ്ങളും സ്‌കൂളുകളും വീടും വാഹനങ്ങളും വൃത്തിയാക്കുന്ന ആറ് മൊബൈൽ ശുചിത്വസേനയാണ് രൂപീകരിക്കുക. വൃത്തിയാക്കാനുള്ള ഉപകരണങ്ങളും വെള്ളവുമുൾപ്പെടെ സേനയ്‌ക്കുണ്ട്. പണം നൽകിയാൽ വൃത്തിയാക്കാൻ ആളുകളെത്തും.