കുടുംബശ്രീയുടെ നേച്ചേഴ്സ് ഫ്രഷ് ഔട്ട്ലെറ്റുകള് കോഴിക്കോട് ജില്ലയിൽ പ്രവർത്തനം തുടങ്ങി
30 Jan 2024
News
കുടുംബശ്രീയുടെ കാര്‍ഷിക ഔട്ട്ലെറ്റുകള് ‘നേച്ചേഴ്സ് ഫ്രഷ്’ ജില്ലയിലും പ്രവർത്തനം തുടങ്ങി. വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെയും വിപണനത്തിനായി ഇത് സഹായകരമാകും. ചാത്തമംഗലം, കായണ്ണ എന്നിവിടങ്ങളിലാണ് സ്റ്റാളുകൾ പ്രവർത്തനം തുടങ്ങിയത്. തൂണേരി, കൂരാച്ചുണ്ട്, നരിക്കുനി, മേപ്പയൂർ, മൂടാടി, കാവിലുംപാറ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകൾ ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിക്കുമെന്ന് കുടുംബശ്രീ ജില്ല മിഷൻ കോ ഓഡിനേറ്റർ ആർ. സിന്ധു പറഞ്ഞു. തദ്ദേശീയമായി കുടുംബശ്രീ നിർമിക്കുന്ന ഉൽപന്നങ്ങളാണ് ഇവിടങ്ങളിൽ വിൽപന നടത്തുക.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷിക ഔട്ട്ലെറ്റുകൾക്കും തുടക്കംകുറിച്ചത്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും ഔട്ട്ലെറ്റുകള് ആരംഭിക്കുകയാണ് ലക്ഷ്യമെങ്കിലും ആദ്യഘട്ടമായി നൂറ് ‘നേച്ചേഴ്സ് ഫ്രഷ്’ കിയോസ്കുകളാണ് ആരംഭിക്കുക. പദ്ധതി വിജയമാകുന്ന പക്ഷം മുഴുവൻ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
അതത് പ്രദേശത്തെ സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് ‘നേച്ചേഴ്സ് ഫ്രഷ്’ കിയോസ്കുകളുടെ പ്രവര്‍ത്തനം വിഭാവനം. കുടുംബശ്രീ മിഷന് ഓരോ കിയോസ്കിനും രണ്ട് ലക്ഷം രൂപ വീതമാണ് സി.ഡി.എസുകള്‍ക്ക് അനുവദിച്ചത്. ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്കിലും വിപണന ചുമതലയുമുണ്ട്.
ഇവര്‍ക്ക് പ്രതിമാസം 3,600 രൂപ ഓണറേറിയവും വിറ്റുവരവിന്റെ ലാഭത്തിന്റെ മൂന്നു ശതമാനവും വേതനമായി ആദ്യ ഒരു വര്‍ഷത്തേക്ക് ലഭിക്കും. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കമ്യൂണിറ്റി റിസോഴ്സ് പേഴ്സന്മാര് വഴിയാണ് ഉല്പന്ന സംഭരണം.