
വറുത്തരച്ച തേങ്ങ മുതൽ കൂവപ്പൊടിയും ഈന്ത്പൊടിയും, അച്ചാറുകളും, മുളയരിപ്പായസവും, ചക്കിലാട്ടിയ വെളിച്ചെണ്ണയും കാട്ടുതേനും, ചട്ടികളും, കൈത്തറി തുണികളും കരകൗശലവസ്തുക്കളുംവരെ. കുടുംബശ്രീയുടെ ജില്ലാതല ഓണംമേള വൈവിധ്യംകൊണ്ട് ശ്രദ്ധനേടുന്നു. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തുടങ്ങിയ മേളയിൽ 38 സ്റ്റാളുകളിലായി 33 സംരംഭകരുടെ ഉത്പന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗര, ഗ്രാമ കുടുംബശ്രീ സി.ഡി.എസുകളിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വിവിധ സംരംഭകരുടെ ഉത്പന്നങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കോവിഡ് കാരണം രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിപുലമായി കുടുംബശ്രീ മേള സംഘടിപ്പിക്കുന്നത്. വിവിധതരം മസാലപ്പൊടികൾ, കറിക്കൂട്ടുകൾ, കുടുംബശ്രീ കാർഷികഗ്രൂപ്പുകൾ വിളയിച്ചെടുത്ത നാടൻ പച്ചക്കറികൾ, കുടുംബശ്രീ ടെയ്ലറിങ് യൂണിറ്റുകൾ തയ്യാറാക്കിയ വസ്ത്രങ്ങൾ എന്നിവയും മേളയിലുണ്ട്. ഫിഷറീസ് വകുപ്പിന്റെ സ്റ്റാളുകളും സെൽഫ് എംപ്ലോയ്ഡ് വുമെൻസ് അസോസിയേഷന്റെ (സേവ ലൈവ്ലിഹുഡ്) സ്റ്റാളും മേളയുടെ ആകർഷണമാണ്. ഇതിനുപുറമേ നാടൻഭക്ഷണങ്ങളുടെ ഫുഡ്കോർട്ടുകൾ, തട്ടുകട വിഭവങ്ങൾ, ജ്യൂസുകൾ തുടങ്ങിയവയും മേളയുടെ ഭാഗമായുണ്ട്.
രണ്ടുദിവസത്തിനകം ഒഴിഞ്ഞുകിടക്കുന്ന ഏതാനും സ്റ്റാളുകൾകൂടി തയ്യാറാകുമെന്ന്, പ്രോജക്ട് ഓഫീസർ ടി.കെ. പ്രകാശൻ പറഞ്ഞു. കോഴിക്കോട് കോർപ്പറേഷനും കുടുംബശ്രീ ജില്ലാമിഷനും ചേർന്ന് സംഘടിപ്പിക്കുന്ന മേള സെപ്റ്റംബർ ഏഴിന് സമാപിക്കും.