വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് ആറുമുതൽ 22 വരെ ആനവണ്ടിയേറാൻ സ്ത്രീകൾക്ക് പ്രത്യേക പാക്കേജൊരുക്കി
24 Jan 2023
News
കാടും മഞ്ഞും മൂടിയ വഴികളിലൂടെ കേരളത്തിന്റെ മതിവരാ കാഴ്‌ചകളിലേക്ക് ആനവണ്ടിയേറാൻ സ്ത്രീകൾക്ക് പ്രത്യേക പാക്കേജൊരുക്കി വീണ്ടും കെഎസ്‌ആർടിസി. അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് ആറുമുതൽ 22 വരെയാണ് ബജറ്റ് ടൂറിസം സെൽ സ്‌ത്രീകൾക്കുമാത്രമായി ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. വനിതകൾക്ക് ഒറ്റയ്ക്കും കൂട്ടായും പങ്കെടുക്കാം.
കെഎസ്‌ആർടിസി ടൂർ പാക്കേജുകൾ തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ ജില്ലയിൽ ഇതുവരെ ലഭിച്ച വരുമാനം 75 ലക്ഷം രൂപയാണ്. ചുരുങ്ങിയ ചെലവിൽ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകാമെന്നതാണ് കൂടുതൽ പേരെ ആകർഷിച്ചത്. 2021 ഡിസംബർ 23നായിരുന്നു ആദ്യ ട്രിപ്പ്. ഇതുവരെ 175 യാത്രകൾ പൂർത്തിയാക്കി. ഇതിൽ 58 ട്രിപ്പ് വനിതകൾക്കു മാത്രമായി നടത്തി. കുടുംബങ്ങളായി യാത്രയ്‌ക്കെത്തുന്നവർ നിരവധിയാണ്. മൂന്നാർ, വാഗമൺ, ആഡംബര ക്രൂയിസ് എന്നിവയ്‌ക്കാണ് ആവശ്യക്കാരേറെ.
ബജറ്റ് ടൂർ സെൽ ഈ വർഷത്തെ ഉല്ലാസയാത്ര കലണ്ടറും പ്രസിദ്ധീകരിച്ചു. ട്രിപ്പുകൾ ബുക്ക് ചെയ്യാൻ: 9544477954, 9846100728, 8589038725, 9961761708.