
അഴുക്കുകളഞ്ഞ് ഒഴുക്ക് വീണ്ടെടുത്ത് നഗരത്തിന് മൊഞ്ച്‌കൂട്ടാൻ കനാൽ സിറ്റി പദ്ധതി. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക സമ്മാനമായാണ് കോഴിക്കോട് കനാൽ സിറ്റിവരുന്നത്. നഗരത്തിലുടെ കടന്നുപോകുന്ന കനോലി കനാലിനെ അടിമുടി നവീകരിച്ച് ആധുനിക നിലവാരത്തിൽ വിനോദ സഞ്ചാരത്തിനും ഗതാഗതത്തിനും ഉപയോഗപ്പെടുംവിധം വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിഫ്ബി ധനസഹായത്തോടെ 1118 കോടി ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിന്റെ ചരക്കുഗതാഗതം, നഗരത്തിലെ വെള്ളപ്പൊക്കനിയന്ത്രണം, വിനോദ സഞ്ചാരം എന്നിവക്ക് പ്രത്യേക ഊന്നൽ നൽകിയുള്ള പരിസ്ഥിതി, സൗഹൃദ കനാൽ വികസനമാണ് പദ്ധതിയിലുള്ളത്. ഇന്റർസെപ്റ്റ് സ്വീവറുകളും ട്രിറ്റ്‌മെന്റ് സിസ്റ്റവും സ്ഥാപിച്ച് മാലിന്യരഹിതമാക്കാനും പ്രകൃതിക്കിണങ്ങുന്നതരത്തിൽ കനാൽ തീരങ്ങളിലെ സൗന്ദര്യവൽക്കരണവും പദ്ധതിയിലുണ്ട്.
പദ്ധതി നടപ്പാവുന്നതോടെ മലബാറിലെ പ്രധാനപ്പെട്ട യാത്രക്കനാലായി കനോലി കനാൽ മാറും.
Source: Deshabhimani