
നഗരത്തിലെ മാലിന്യ സംസ്കരണ പ്രക്രിയയെ കൂടുതൽ ആധുനികമാക്കുന്നതിന് കോർപറേഷന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ഉന്തുവണ്ടികൾ ഒഴിവാക്കി ഇ-കാർട്ടുകൾ പ്രയോഗത്തിലാക്കി. നിലവിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഉപയോഗിച്ചിരുന്ന ഉന്തുവണ്ടികൾക്ക് പകരം യന്ത്ര സഹായത്തോടെ ശുചിത്വ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണ് ഈ മാറ്റം. 60 ഇ-കാർട്ടുകൾക്കായി 94.02 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഓരോ കാർട്ടിനും 1,57,000 രൂപയാണ് നിരക്ക്. ഹാരിയോൺ എന്റർപ്രൈസസ് ആണ് കാർട്ടുകൾ വിതരണം ചെയ്തത്. കോർപറേഷൻ ഓഫിസ് അങ്കണത്തിൽ മേയർ ഡോ. ബിന ഫിലിപ്പ് കാർട്ടുകൾ ഫ്ലാഗ് ഓഫ് ചെയ്തു.