ആദ്യമായി സംസ്ഥാനത്തു കോഴിക്കോട് ഗവ. മെഡിക്കല് കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് ദേശീയ മുസ്കാന് സര്‍ട്ടിഫിക്കേഷന്‍
12 Jan 2024
News
കോഴിക്കോട് ഗവ. മെഡിക്കല് കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മികച്ച ശിശുസൗഹൃദ സേവനങ്ങള്‍ക്കുള്ള ദേശീയ മുസ്കാന് സര്‍ട്ടിഫിക്കേഷന്‍ . ആദ്യമായാണ് സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ഈ ബഹുമതി ലഭിക്കുന്നത്. 96 ശതമാനം സ്‌കോറോടെയാണ് കോഴിക്കോട് ഐ.എം.സി.എച്ച് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒരു വർഷം നീണ്ട തയാറെടുപ്പുകളിലൂടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ഐ.എം.സി.എച്ച് ഈ അംഗീകാരം നേടിയെടുത്ത്.
കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും, ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. എസ്.എന്‍.സി.യുകള്‍, എന്‍.ബി.എസ്.യുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒ.പി.ഡികള്‍ എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറക്കുന്നതിന് പൊതുജനാരോഗ്യകേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതല്‍ ആശുപത്രികള്‍ക്ക് ദേശീയ മുസ്കാന് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന് പരിശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.