
കടലുകടന്ന വ്യാപാര പൈതൃകത്തിന്റെയും ദേശക്കൂറിന്റെ പോരാട്ടവീര്യത്തിന്റെയും ചരിത്രമുറങ്ങുന്ന മലബാറിന്റെ മണ്ണിനെ അനുദിനം വളർച്ചയിലേക്ക് നയിച്ച തദ്ദേശസ്ഥാപനം. നഗരവികസനത്തിൽ പുത്തൻ ചുവടുകളുമായി മുന്നേറുന്ന കാലത്ത് 60ാം പിറന്നാളിന് മധുരം ഇരട്ടിയാണ്. മാനാഞ്ചിറയും മിഠായിത്തെരുവും വലിയങ്ങാടിയും പെരുമ തീർക്കുന്നതാണ് നഗരത്തിന്റെ ഹൃദയത്തുടിപ്പായ കോഴിക്കോട് കോർപറേഷൻ. 96 വർഷം മുനിസിപ്പാലിറ്റിയായി തുടർന്നശേഷം 1962 നവംബർ ഒന്നിനാണ് കോർപറേഷനായത്. ബ്രിട്ടീഷ് കാലത്ത് മദിരാശി സർക്കാർ കൊണ്ടുവന്ന ടൗൺ ഇംപ്രൂവ്‌മെന്റ് നിയമം അനുസരിച്ച് 1866 ജൂലൈ മൂന്നിനായിരുന്നു കോഴിക്കോട് മുനിസിപ്പാലിറ്റിയായത്.
മലബാർ കലക്ടർ പ്രസിഡന്റും നാമനിർദേശം ചെയ്യപ്പെട്ടവർ കൗൺസിൽ അംഗങ്ങളുമായിരുന്നു. അന്നത്തെ മുനിസിപ്പൽ ഓഫീസ് ഇപ്പോൾ ഒന്നാം റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു. 1942ൽ സ്വാതന്ത്ര്യസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയതിനാൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ പിരിച്ചുവിട്ട ചരിത്രവും കൗൺസിലിനുണ്ട്. 1952 മുതൽ തെരഞ്ഞെടുപ്പ് പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലായി.
മുനിസിപ്പൽ ആക്ടിനെ തുടർന്ന് കോർപറേഷനാക്കിയശേഷം കൗൺസിലിന്റെ കാലാവധി അഞ്ചുവർഷവും അംഗസംഖ്യ 45ഉം ആയി.
സ്വാതന്ത്ര്യസമര സേനാനി എച്ച് മഞ്ചുനാഥ റാവു ആയിരുന്നു ആദ്യ മേയർ. പിന്നീട് 25 തവണകളിലായി വ്യത്യസ്‌ത മേയർമാർ നഗരഭരണം ഏറ്റെടുത്തു. ഇടയിൽ ചെറിയ കാലത്തേക്ക് അഡ്‌മിനിസ്‌ട്രേറ്റർ ഭരണവും ഡെപ്യൂട്ടി മേയർമാർക്ക് താൽക്കാലിക ചുമതലയും നൽകി. പി കുട്ടികൃഷ്‌ണൻ നായർ, കോളിയോട്ട് ഭരതൻ, സി ജെ റോബിൻ, എ കെ പ്രേമജം, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ രണ്ടുതവണ മേയറായി. ഹൈമവതി തായാട്ട്, പ്രൊഫ. എ കെ പ്രേമജം, എം എം പത്മാവതി, ഡോ. ബീന ഫിലിപ്പ് എന്നിവർ വനിതാ മേയർമാരായി. ഘട്ടംഘട്ടമായി കൗൺസിൽ അംഗസംഖ്യ 75 ആയി ഉയർന്നു.