
കോർപറേഷന്റെ വിവിധ പദ്ധതികളുടെ പണം നിക്ഷേപിക്കുന്ന അക്കൗണ്ടുകൾ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് എസ്ബിഐയിലേക്ക് മാറ്റും. ഇതുസംബന്ധിച്ച് മേയർ ബീന ഫിലിപ്പ് ഉത്തരവിറക്കി. പിഎൻബി അക്കൗണ്ടിലെ കോർപറേഷന്റെ പണം ഉപയോഗിച്ച് മുൻ സീനിയർ മാനേജർ ക്രമക്കേട് നടത്തിയതിനെ തുടർന്നാണിത്. എസ്‌ബിഐയുടെ ഏത് ശാഖയിലാണ് എന്നത് തീരുമാനിച്ചിട്ടില്ല.
16 അക്കൗണ്ടുകളാണ് പിഎൻബിയിൽ ഉണ്ടായിരുന്നത്. ഏഴ് അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയുടെ തട്ടിപ്പാണ് മുൻ മാനേജർ എം പി റിജിൽ നടത്തിയത്. മുഴുവൻ തുകയും ബാങ്ക് തിരിച്ചുനൽകിയിരുന്നു. അതേസമയം ഈ തുകയുടെ നിക്ഷേപ കാലയളവ് കണക്കാക്കിയുള്ള പലിശ അധികം വൈകാതെ കോർപറേഷന് തിരിച്ചുകിട്ടിയേക്കും. പിഎൻബി ലിങ്ക് റോഡ് ശാഖാ അധികൃതർ പലിശ തുക കണക്കാക്കിയിട്ടുണ്ട്. ഇത് സർക്കിൾ മാനേജർക്ക് കൈമാറിയിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ തുക കോർപറേഷന് കൈമാറും.