
കാഴ്ചക്കാർക്ക് പുത്തന്‍ അനുഭവമേകി ബീച്ച് അക്വേറിയം ഉടൻ പ്രവര്‍ത്തനസജ്ജമാകുമെന്ന് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ അധികൃതർ പറഞ്ഞു. ബീച്ചിലെത്തുന്നവരുടെ വർണ മത്സ്യക്കാഴ്ചകൾ ഒരുക്കി അക്വേറിയം വീണ്ടും പ്രവർത്തിക്കാനൊരുങ്ങുന്നു. അക്വേറിയം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാന ഘട്ടത്തിലെത്തി. ഡി.ടി.പി.സിയുടെ അധീനതയിലുള്ള അക്വേറിയത്തിന്റെ ടെൻഡറെടുത്ത പേരാമ്പ്ര കൂരാച്ചുണ്ട് സ്വദേശി പ്രവൃത്തി പൂർത്തിയാക്കി അക്വേറിയം തുറക്കാനുള്ള ഒരുക്കത്തിലാണ്.
വിനോദസഞ്ചാര വകുപ്പിനു കീഴില്‍ 1995ലാണ് കോര്‍പറേഷന്റെ സ്ഥലത്ത് അക്വേറിയം സ്ഥാപിച്ചത്. പിന്നീട് ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ഡി.ടി.പി.സി അക്വേറിയം നവീകരിക്കുകയായിരുന്നു. നക്ഷത്ര മത്സ്യത്തിന്റെ ആകൃതിയില്‍ ആരെയും ആകര്‍ഷിക്കും വിധത്തിലാണ് കെട്ടിടം. സന്ദര്‍ശ
കര്‍ക്കായി ഫുഡ് കോര്‍ട്ടും ഐസ്ക്രീം, പോപ്കോണ്‍ കൗണ്ടറുകളും അക്വേറിയത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ അരാപൈമ, മുതലയുടെ സാദൃശ്യമുള്ള അക്രമകാരിയായ അലിഗേറ്റര്‍, മത്സ്യങ്ങളില്‍ സുന്ദരിയായ അരോണ, അമേരിക്കയില്‍ നിന്നുള്ള അതിഥിയായി വൈറ്റ് ഷാര്‍ക്ക്, മനുഷ്യനെ വരെ ഭക്ഷിക്കുന്ന പിരാന തുടങ്ങിയവയെല്ലാം സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ലയൺസ് പാർക്കിന് സമീപം കടപ്പുറത്ത് 1995 മേയ് 22നാണ് അക്വേറിയം ഉദ്ഘാടനം ചെയ്തത്.