
കലയിൽ മാത്രമല്ല, രുചിയിലും പുതുമകൊണ്ട് സംസ്ഥാന സ്‌കൂൾ കലോത്സവം കളറാകും. ചേനപ്പായസം, അമ്പലപ്പുഴ പാൽപ്പായസം, എട്ട് തരം വിഭവങ്ങളുമായി ഓരോ ദിവസവും സദ്യ. വേദികളിൽ താളവും ചുവടുകളും തകർക്കുമ്പോൾ രുചിപ്പെരുമ തീർക്കാൻ ഊട്ടുപുരയും മത്സരിക്കും. നഗരമധ്യത്തിലെ മലബാർ ക്രിസ്‌ത്യൻ കോളേജിലാണ് 2000 പേർക്ക് ഇരിക്കാവുന്ന ഭക്ഷണപ്പലാണ് ഒരുക്കുന്നത്.
രാവിലെ ഏഴ് മുതൽ പ്രഭാത ഭക്ഷണവിതരണം തുടങ്ങും. ഇഡ്ഡലി-സാമ്പാർ, പുട്ട്-കടല, വെള്ളയപ്പം-വെജിറ്റബിൾ സ്‌റ്റ്യൂ, ഉപ്പുമാവ്-ചെറുപയർ സ്‌റ്റ്യൂ എന്നിവയാണ് രാവിലത്തെ വിഭവം. തോരൻ, കൂട്ടുകറി, പുളി, സാമ്പാർ, എരിശ്ശേരി, പച്ചടി, അച്ചാർ, അവിയൽ എന്നിവയുൾപ്പെടെയാണ് സദ്യ. ഓരോ ദിവസവും മാറ്റമുണ്ടാവും. ചേനപ്പായസം, അമ്പലപ്പുഴ പാൽപ്പായസം, ഗോതമ്പ് പായസം, പാലട പ്രഥമൻ, പാൽപ്പായസം എന്നിവയും ഒരുക്കും.
പകൽ മൂന്നിന് പരിപ്പുവട, കൊഴുക്കട്ട, കായബജി, ഉള്ളിവട, പഴം പൊരി തുടങ്ങിയവ ചായക്കൊപ്പമുണ്ടാകും. രാത്രിയും ഊണുണ്ടാവും. കൈകഴുകാനായി 200 പൈപ്പുകളും വയ്‌ക്കും.