ബേപ്പൂർ തുറമുഖത്തിന്റെ ഐ.എസ്.പി.എസ് സർട്ടിഫിക്കേഷൻ സെപ്റ്റംബർ നാലിന് ഔദ്യോഗികമായി പ്രഖ്യാപിക്കും
02 Sep 2023
News
ബേപ്പൂർ തുറമുഖം ഇന്റർനാഷനൽ ഷിപ്സ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡിന് കീഴിൽ വന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബർ നാലിന് നടക്കും. വിദേശ യാത്ര-ചരക്കു കപ്പലുകൾ തുറമുഖത്ത് പ്രവേശിക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെയുള്ള സംവിധാനം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്രസർക്കാർ ഐ.എസ്.പി.എസ് സർട്ടിഫിക്കേഷൻ നൽകിയത്. ഐ.എസ്.പി.എസ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി എം.എം.ഡി നിർദേശപ്രകാരം തുറമുഖത്ത് സുരക്ഷ സംവിധാനങ്ങൾ നേരത്തേ വിപുലപ്പെടുത്തിയിട്ടുണ്ട്.
തുറമുഖ അതിർത്തിക്ക് ചുറ്റുമുള്ള ചുറ്റുമതിൽ 2.4 മീറ്ററാക്കി ഉയർത്തി അതിനു മുകളിൽ കമ്പിവേലി സ്ഥാപിച്ചു. തുറമുഖ കവാടത്തിൽ എക്സ്റേ സ്കാനിങ് സംവിധാനവും മെറ്റൽ ഡിറ്റക്ടറും സ്ഥാപിച്ചു. തുറമുഖത്തേക്ക് അടുക്കുന്ന കപ്പലുകളും ചെറു വെസലുകളും തിരിച്ചറിയാൻ ഓട്ടോമാറ്റിക് റഡാർ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാർഫിലും മറ്റും ആധുനിക വാർത്തവിനിമയ സംവിധാനം ഒരുക്കിയതിനൊപ്പം തുറമുഖത്തെ മുഖ്യ കവാടവും പാസഞ്ചർ ഗേറ്റും പുനർനിർമിച്ചു.