അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് ഇനി കേരളത്തിന്റെ ടൂറിസം കലണ്ടറിന്റെ ഭാഗമാകും
07 Aug 2023
News
2024 മുതൽ അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് സംസ്ഥാന ടൂറിസം കലണ്ടറിന്റെ ഭാഗമാകുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി മൂന്നുദിവസം നീണ്ടുനിന്ന മത്സരത്തിന് സമാപനം കുറിക്കുകയായിരുന്നു അദ്ദേഹം. കോടഞ്ചേരി പുലിക്കയത്തെ കയാക്കിങ് സെന്റർ വൈറ്റ് വാട്ടർ കയാക്കിങ്, റാഫ്റ്റിങ് എന്നിവയുടെ പരിശീലനകേന്ദ്രമായി മാറ്റും. ഇതുകൂടാതെ, 2024-ൽ പത്തനംതിട്ടയിലെ സീതത്തോട് കയാക്കിങ് ഫെസ്റ്റിവൽ നടത്താൻ ടൂറിസംവകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സാഹസികവിനോദം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ട്രക്കിങ്, ഹൈക്കിങ് എന്നിവയ്ക്കായി അമ്പതിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ബേപ്പൂരിലെ സർഫിങ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ സർഫിങ് ചാമ്പ്യൻഷിപ്പ് വർക്കലയിൽ നടത്താൻ ആലോചനയുണ്ട്. മൗണ്ടൻ സൈക്കിളിങ്ങും പാരാഗ്ലൈഡിങ്ങും വ്യാപിപ്പിക്കും. മുക്കം തൃക്കുടമണ്ണ തീർഥാടന ടൂറിസം പദ്ധതി പരിഗണിക്കും. പതങ്കയത്ത് തൂക്കുപാലം നിർമിക്കുന്നതിന് ടൂറിസംവകുപ്പ് ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എ.എൽ.എ. അധ്യക്ഷനായി. ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, കേരള അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ. ബിനു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. മൂന്നുദിവസം മേഖലയിൽ ഉത്സവാന്തരീക്ഷത്തിൽ നടത്തിയ മത്സരത്തിൽ ഏഴുരാജ്യങ്ങളിൽ നിന്നുൾപ്പെടെ അറുപതിലേറെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുത്തു.