
ഫറോക്ക് നല്ലൂർ മിനി സ്റ്റേഡിയത്തിലേക്ക് വന്നാൽ ഫുട്ബോൾ കണ്ടാസ്വദിക്കാം 40 അടി വിസ്‌തൃതിയിലുള്ള കൂറ്റൻ സ്‌ക്രീനിൽ. ഇനി ഖത്തറിൽ പന്തുരുളുമ്പോൾ ഇവിടത്തെ ഗാലറിയിൽനിന്ന് പതിനായിരം പേരുടെ ആരവവും ഉയരും.
ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഫറോക്ക് പഴയപാലം മുതലാരംഭിക്കുന്ന ഘോഷയാത്രയോടെയാണ് സോക്കർ കാർണിവൽ ആരംഭിക്കുന്നത്. ഘോഷയാത്രയിൽ വിവിധ ടീമുകളുടെ ആരാധകർ അണിനിരക്കും. തുടർന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സോക്കർ കാർണിവൽ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമേള, സിനിമാ പ്രദർശനം, സാംസ്കാരിക പരിപാടികൾ, കായിക താരങ്ങളെ ആദരിക്കൽ, ഫുട്‌ബോൾ മാച്ച് അവലോകനം എന്നിവയെല്ലാമുണ്ടാവും.
ഒരേസമയം പതിനായിരം പേർക്ക് കളികാണാനുള്ള സൗകര്യമാണ് മിനി സ്റ്റേഡിയത്തിലൊരുക്കിയതെന്ന് സംഘാടകർ പറഞ്ഞു. ഫറോക്ക് അസി. കമ്മിഷണർ എ.എം. സിദ്ദിഖിനാണ് സുരക്ഷാ ചുമതല. വെള്ളിയാഴ്ച ഫറോക്ക് നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളും ഹരിത കർമസേനാംഗങ്ങളും ചേർന്ന് കാണികൾക്ക് ഇരുന്നു കാണുന്നതിനായി ഗാലറി കഴുകി വൃത്തിയാക്കി. സമീപത്തെല്ലാം അലങ്കാരവിളക്കുകൾ തെളിയിക്കുന്നുണ്ട്. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ. വാരിഷ്, കൺവീനർ എം. സമീഷ് എന്നിവർ സംസാരിച്ചു.