
ലോകകപ്പ് ഫുട്ബോൾ ആവശ്യത്തിന് ശേഷം കോഴിക്കോട് വീണ്ടും കാൽപ്പന്തുകളിയുടെ ആരവങ്ങളിലേക്ക്. സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് മത്സരങ്ങൾക്ക് തിങ്കളാഴ്‌ച കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ പന്തുരുളും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫൈവ്‌സ്, സെവൻസ് ടൂർണമെന്റുകളും നടക്കുന്നു.
സന്തോഷ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്മാരായ കേരളമുൾപ്പെടുന്ന ഗ്രൂപ്പ് രണ്ട് മത്സരങ്ങൾക്കാണ് സ്‌റ്റേഡിയം വേദിയാവുക. ജനുവരി എട്ടുവരെ 15 മത്സരമാണുള്ളത്. രാവിലെ എട്ടിനും പകൽ 3.45നുമാണ് മത്സരങ്ങൾ.
സന്തോഷ് ട്രോഫി നിലനിർത്താൻ പുതുമകളുമായാണ് കേരളം കളത്തിലിറങ്ങുന്നത്. 22 അംഗ ടീമിൽ പതിനാറുപേർ പുതുമുഖങ്ങളാണ്. പരിചയ സമ്പന്നനായ ഗോൾകീപ്പർ വി മിഥുനാണ് ക്യാപ്‌റ്റൻ. കെഎസ്‌ഇബിയുടെ പി ബി രമേശാണ് പരിശീലകൻ.
കരുത്തരായ മിസോറം, ആന്ധ്രപ്രദേശ്, ബിഹാർ, ജമ്മു കശ്‌മീർ, രാജസ്ഥാൻ ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ആറ് ഗ്രൂപ്പുകളുടെയും ചാമ്പ്യൻമാരും മികച്ച മൂന്ന് രണ്ടാംസ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറുക. ഡൽഹി, കോഴിക്കോട്, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് ഗ്രൂപ്പ് മത്സരം.മത്സരത്തിനായി സ്‌റ്റേഡിയം ഒരുങ്ങി.
ഫിഫ അംഗീകൃത എൻജിനിയർ ഫ്ലഡ്‌ലിറ്റ് പരിശോധന നടത്തി. ഗ്രൗണ്ട് റെഡിയാണെന്ന് അധികൃതർ പറഞ്ഞു.