
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്ന് കെ.എസ്.ആർ.ടി.സി. ചാത്തമംഗലം പഞ്ചായത്തിൽ ആരംഭിച്ച ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു മന്ത്രി ആന്റണി രാജു. കേരളത്തിന്റെ സ്വപ്നപദ്ധതിയായ ‘ഗ്രാമവണ്ടി’ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി അറിയിച്ചു. കൂടുതൽ ഗ്രാമവണ്ടികൾ വരുംനാളുകളിൽ, പദ്ധതിയിൽ ഉൾപ്പെടുത്തി, കേരളത്തിന്റെ ഗ്രാമങ്ങളിലൂടെ ഓടുമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമവണ്ടി പദ്ധതി നടപ്പാക്കാൻ പഞ്ചായത്തുകൾ തയ്യാറാണെങ്കിൽ ബസ്, ഡ്രൈവർ, കണ്ടക്ടർ തുടങ്ങിയ സൗകര്യങ്ങൾ കെ.എസ്.ആർ.ടി.സി. നൽകും. രണ്ടാംഘട്ടത്തിൽ ചെറിയ ബസുകളാണ് നിരത്തിലിറക്കുക. നഷ്ടത്തിലായ വാഹന ഉടമകളുമായി സഹകരിച്ച് ചെറിയ സ്വകാര്യബസുകൾ ഒരുവർഷത്തേക്ക് ഗ്രാമവണ്ടികളായി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും - മന്ത്രി പറഞ്ഞു. പി.ടി.എ. റഹീം എം.എൽ.എ. അധ്യക്ഷത വഹിച്ചു.......കോഴിക്കോട് ഡിപ്പോയിൽനിന്ന് രാവിലെ 7.10-ന് പുറപ്പെടുന്ന ഗ്രാമവണ്ടി വൈകീട്ട് 6.35-ന് തിരികെയെത്തും. ബസിന്റെ ഡീസൽച്ചെലവുമാത്രം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഹിച്ച് അവർ നിശ്ചയിക്കുന്ന റൂട്ടുകളിലൂടെയും സമയക്രമമനുസരിച്ചും സർവീസ് നടത്തുന്നതാണ് ഗ്രാമവണ്ടി.