
നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് വീണ്ടും അംഗീകാരം. നാടിന്നാകെ പേരും പെരുമയുമായി തലയുയർത്തി നിൽക്കുകയാണ് ഈ സ്കൂൾ. രാജ്യത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളുടെ റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചാണ് കേരളത്തിന്റെ അഭിമാനമായി മാറിയ ഈ വിദ്യാലയം വീണ്ടും രാജ്യശ്രദ്ധയിലെത്തിയിരിക്കുന്നത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജുക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിങ്സ് (ഇ.ഡബ്ല്യു.ഐ.എസ്.ആർ) എന്ന സർക്കാർ അംഗീകൃത ഏജൻസിയാണ് രാജ്യത്തെ 300 നഗരങ്ങളിൽ സർവേ നടത്തി മികച്ച സർക്കാർ വിദ്യാലയങ്ങളെ കണ്ടെത്തിയത്.
4,000 വിദ്യാലയങ്ങൾ സന്ദർശിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്.15 വിദ്യാലയങ്ങളുടെ റാങ്കിങ്ങിൽ ദക്ഷിണേന്ത്യയിൽനിന്നുള്ള ഏക വിദ്യാലയമാണ് നടക്കാവ്. ഡൽഹിയിൽനിന്നുള്ള രണ്ടു വിദ്യാലയങ്ങളാണ് നടക്കാവിനു മുന്നിൽ.
ഡൽഹി ദ്വാരകയിലെ സെക്ടർ 10ലും യമുന വിഹാറിലും പ്രവർത്തിക്കുന്ന രാജകീയ പ്രതിഭ വികാസ് സ്കൂളുകളാണ് ഒന്നും രണ്ടും റാങ്കിലുള്ളത്. മുംബൈയിലെ വർളി സീഫേസ് പബ്ലിക് ഇംഗ്ലീഷ് സ്കൂളിന് നാലാം റാങ്കും ഒഡിഷയിലെ ഗഞ്ചമിൽ പ്രവർത്തിക്കുന്ന ഒഡിഷ ആദർശ വിദ്യാലയത്തിന് അഞ്ചാം റാങ്കുമുണ്ട്.