
സുസ്ഥിരവികസനം ലക്ഷ്യംവെച്ച് നടപ്പാക്കുന്ന ജി.ഐ.എസ് മാപ്പിങ് പദ്ധതിക്ക് മണിയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിന്റെ പരിധിയിലെ മുഴുവൻ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും നൂതന സാങ്കേതികവിദ്യകളുടെ സഹായത്താൽ ശേഖരിച്ച് ആവശ്യാനുസരണം വിരൽതുമ്പിൽ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുക.
വെബ്പോർട്ടലിൽ ഉൾപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് ഏറ്റവും വേഗതയാർന്നതും മെച്ചപ്പെട്ടതുമായ രീതിയിലുള്ള സേവനങ്ങൾ ലഭ്യമാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്. റോഡ്, നടപ്പാത, ലാൻഡ് മാർക്ക്, പാലം, ഡ്രെയിനേജ്, കനാൽ, കൾവർട്ട്, റോഡ് ജങ്ഷൻ, ഡിവൈഡർ, റോഡ് സിഗ്നൽ, പാർക്കിങ് ഏരിയ, തരിശുനിലങ്ങൾ, വയലുകൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ പൂർണ വിവരങ്ങൾ വെബ്സൈറ്റിലുണ്ടാവും. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വീടുകളും പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പദ്ധതിയുടെ ഭാഗമായി വിവരശേഖരണത്തിനായി വീടുകളിൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ കെ. ശശിധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. ശശിധരൻ, പ്രമോദ് മൂഴിക്കൽ തുടങ്ങിയവർ പങ്കെടുത്തു.