
പെൺകുട്ടികൾക്ക് സ്വയംരക്ഷയ്ക്കും കരുത്തോടെ സമൂഹത്തിൽ ഇടപെടാനുള്ള ആത്മവിശ്വാസം വളർത്തുന്നതിനുമായി ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന ‘കരുത്ത്’ പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മുപ്പതോളം പെൺകുട്ടികൾക്ക് കളരിപരിശീലനം നൽകി. രണ്ടു മാസമായി ക്ലാസ് കഴിഞ്ഞാൽ ഒരുമണിക്കൂർ കളരി തുടർച്ചയായി പരിശീലിക്കുന്നു പെൺകുട്ടികൾ കരുത്തുള്ള ചുവടുകൾ ഭദ്രമാക്കിയിരിക്കുകയാണ്. സ്കൂളിൽനിന്നുള്ള പരിശീലനം പൂർത്തിയാവുമെങ്കിലും, കളരിപരിശീലനം സ്വന്തംനിലയിൽ തുടരാൻതന്നെയാണ് ഭൂരിഭാഗം പെൺകുട്ടികളുടെയും തീരുമാനം. കളരിപരിശീലനം അത്രയേറെ മെയ്‌വഴക്കം നൽകിയതായി അവർ സാക്ഷ്യപ്പടുത്തുന്നു.
നിലവിലെ പാഠ്യപദ്ധതിയിൽ വിദ്യാർഥികൾക്ക് കായികപരിശീലനത്തിനുള്ള അവസരങ്ങൾ താരതമ്യേന കുറവായതിനാൽ ‘കരുത്ത്’ പോലുള്ള പദ്ധതികൾ പുതിയ മാതൃകയാണെന്ന് അധ്യാപകരും പറയുന്നു. അടവുകളും ചുവടുകളും ഉൾപ്പെടെ കളരിയുടെ പ്രാഥമികപാഠങ്ങൾ ഇവർ സ്വായത്തമാക്കിക്കഴിഞ്ഞു. പെൺകുട്ടികൾക്ക് തയ്‌ക്കോൺഡോ, കരാട്ടേ, കുങ്ഫു, ജൂഡോ, കളരിപ്പയറ്റ് തുടങ്ങിയവയിലാണ് വിദ്യാലയങ്ങൾ പരിശീലനം നൽകുന്നത്. കളരി തിരഞ്ഞെടുത്ത ബാലുശ്ശേരി ഗേൾസ് സ്കൂളിൽ ബാലുശ്ശേരി ശ്രീശാസ്ത കളരിസംഘത്തിലെ ഹേമലത ഗുരിക്കൾ, അഞ്ജുഷ എന്നിവരാണ് പരിശീലനം നൽകിയത്.