
മർക്കന്റയിൽ മറൈൻ വകുപ്പ് ചട്ടപ്രകാരം മൺസൂണിനു മുന്നോടിയായി ജൂണിൽ നിർത്തിവെച്ച സർവിസാണ് ഇന്നലെ ഉച്ചയോടെ പുനരാരംഭിച്ചത്.തിരമാലകൾക്ക് മുകളിലൂടെ കടലിലേക്ക് കാൽനട സവാരി ഒരുക്കുന്നതാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അഥവാ ഒഴുകുന്നപാലം.
ബേപ്പൂർ പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ ഉതകുന്ന രീതിയിൽ കടലിലേക്കുള്ള കാൽനടയാത്ര തികച്ചും ഒരു പുതിയ അനുഭവം ഒരുക്കും. ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിലും ബേപ്പൂർ പോർട്ട് അതോറിറ്റിയും മുൻകൈയെടുത്താണ് അഡ്വഞ്ചർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഫ്ലോട്ടിങ് ബ്രിഡ്ജ് ബേപ്പൂരിൽ എത്തിച്ചത്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും ലൈഫ് ഗാർഡുമാരുടെയും മത്സ്യത്തൊഴിലാളികളുടെയും സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രത്യേകതരത്തിൽ രൂപകൽപന ചെയ്ത് ഫൈബറിൽ നിർമിച്ച ഉള്ളുപൊള്ളയായ ഇൻറർലോക്ക് സിസ്റ്റത്തിലുള്ള കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽപരപ്പിന് മുകളിൽ 100 മീ. കടലിനുള്ളിലേക്ക് യാത്ര ചെയ്യാൻ ഉതകുന്ന രീതിയിൽ കടൽയാത്രക്കുള്ള പ്ലാറ്റ്ഫോം നിർമിച്ചത്.
മൂന്നുമീറ്റർ വീതിയിൽ രണ്ടുഭാഗത്തും കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീ. നീളവും 7 മീ. വീതിയിലും ഒഴുകുന്ന സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനം അനുവദിക്കുന്നതല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.