
മറീന ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി തിരമാലകൾക്കു മീതെ ഒഴുകി നടക്കാം. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടു ബീച്ചിൽ ഒഴുകുന്ന പാലം (ഫ്ലോട്ടിങ് ബ്രിജ്) ഒരുങ്ങി. ഡിടിപിസിയുടെയും തുറമുഖ വകുപ്പിന്റെയും സഹായത്തോടെ ചാലക്കുടി ക്യാപ്ചർ ഡേയ്സ് അഡ്വഞ്ചർ ടൂറിസം ആൻഡ് വാട്ടർ സ്പോർട്സിന്റെ നേതൃത്വത്തിലാണ് പാലം സ്ഥാപിച്ചത്.ഔദ്യോഗിക പ്രവർത്തനോദ്ഘാടനം 31നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. കടലിനു നടുവിൽ പുതിയ അനുഭൂതി സൃഷ്ടിക്കുന്ന പാലത്തിനു 100 മീറ്റർ നീളമുണ്ട്. 3 മീറ്ററാണ് വീതി. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ഹൈ ഡെൻസിറ്റി പോളി എത്തിലിൻ(എച്ച്ഡിപിഇ) ബ്ലോക്കുകൾ ഉപയോഗിച്ചാണ് ഫ്ലോട്ടിങ് ബ്രിജ് ഒരുക്കിയത്.
പെട്ടെന്നു ഘടിപ്പിക്കുകയും ഇളക്കുകയും ചെയ്യാമെന്നതിനാൽ ആവശ്യത്തിന് അനുസരിച്ചു ഇവ മറ്റിടങ്ങളിലേക്ക് നീക്കാനാകും. വശങ്ങളിൽ കൈവരിയുള്ളതിനാൽ വീഴാതെ പിടിച്ചു നിൽക്കാൻ സഹായകമാകുമെന്നു പദ്ധതി കോ ഓർഡിനേറ്റർ ഷമീർ സുബൈർ പറഞ്ഞു.
Source: Kozhikodejilla.com