
സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് വിങ്ങും സ്‌പെഷ്യല്‍ ബ്രാഞ്ചും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൈവശം ആധാര്‍കാര്‍ഡ് ഇല്ലെങ്കിൽ ഇനി 1000 രൂപ പിഴ ഈടാക്കും. ആഭ്യന്തരസുരക്ഷ കണക്കിലെടുത്താണ് ഈ നിബന്ധന കർശനമാക്കുന്നത്. വഞ്ചികളിലും ബോട്ടുകളിലും മീന്‍പിടിക്കാന്‍ പോകുന്നവര്‍ ആരെല്ലാമാണെന്ന് ഉടമകള്‍ക്കുതന്നെ തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യം വന്നതോടു കൂടി കടലില്‍പോകുന്നവര്‍ തിരിച്ചറിയൽ കാര്‍ഡ് കരുതണമെന്ന് 2018-ല്‍ വ്യവസ്ഥ കൊണ്ടുവന്നിരുന്നു.
ബംഗാളില്‍നിന്നും ഒഡിഷയില്‍നിന്നും ഉള്ളവർ തീരദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളായി പണിയെടുക്കുന്നുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് ഇവരില്‍ പലരും പണിയെടുക്കുന്നത്. ആധാർ കാർഡ് കൈവശം വെക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി രേഖകളുടെ പകര്‍പ്പ് കൈവശം വെക്കാന്‍ അനുവദിക്കണമെന്നു മത്സ്യത്തൊഴിലാളികൾ ആവശ്യപെടുന്നുണ്ട്.
കടല്‍വഴി ലഹരിക്കടത്ത് നടക്കുന്നതായും തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ നുഴഞ്ഞുകയറുന്നതായും ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കുന്നതെന്നും ഇതിന്റെ പ്രായോഗിക വശത്തെ സംബന്ധിച്ച് ബോധവത്കരണ പരിപാടികള്‍ ഊര്‍ജിതപ്പെടുത്തുമെന്നും ഫിഷറീസ് അധികൃതര്‍ അറിയിച്ചു.